യൂറോപ്യൻ രാജ്യങ്ങളിൽ വ്യോമഗതാഗത മേഖലയെ ലക്ഷ്യമാക്കി തുടർച്ചയായ രണ്ടാം ദിവസവും വ്യാപകമായ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നു. ഫ്രാൻസ്, ബെൽജിയം, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാന സർവീസുകളെയാണ് ഭീഷണി നേരിട്ട് ബാധിച്ചത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി പരിശോധനകൾ നടത്തിവരികയാണ്. ഡബ്ലിനിൽ നിന്ന് റോമിലേക്ക് യാത്ര തിരിച്ച എയർബസ് എ320 വിമാനത്തിന് നേരെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫ്രാൻസിലെ എവ്റൂ സൈനിക വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു.
യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. ഇതിനു സമാനമായി, ബെൽജിയത്തിലെ ബ്രസൽസ് വിമാനത്താവളത്തിലും അടിയന്തരമായി ഇറക്കിയ വിമാനത്തിൽ സുരക്ഷാ പരിശോധന നടത്തി.
കൂടാതെ, ഡബ്ലിൻ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറ്റലിയിലെ റോമിലേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയർന്നു. തുടർന്ന് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഈ വിമാനങ്ങളെ റോം ഫിയുമിസിനോ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ചത്.
ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്കുള്ള വിമാനങ്ങൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഭീഷണികൾ യൂറോപ്പിലെ വ്യോമയാന മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംഭവങ്ങളെത്തുടർന്ന് യാത്രാ തടസ്സങ്ങൾ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ യാത്രക്കാർ നേരിടുന്നുണ്ട്. വ്യാജ സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും ഉറവിടം വ്യക്തമാക്കാനും ബന്ധപ്പെട്ട
സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

