പാലക്കാട്: സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വ്യക്തമാക്കി. ഇ എൻ സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം നേതാക്കൾക്ക് എതിരെ പ്രതിഷേധിക്കാൻ തുടങ്ങിയാൽ അതിനേ സമയം കാണൂ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫിസിനുള്ളിൽ പീഡനശ്രമം ഉണ്ടായി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
എന്തുകൊണ്ട് ഈ പരാതി പൊലീസിന് കൈമാറുന്നില്ല എന്നാണ് പ്രശാന്ത് ശിവന്റെ ചോദ്യം. പരാതി അന്വേഷിക്കേണ്ടത് പാർട്ടിയല്ല, പൊലീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിടത്തോളം പാലക്കാട് ജില്ലയിൽ ഇത് ആദ്യ സംഭവമല്ല. 2019ൽ ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിൽ സമാന സംഭവം ഉണ്ടായിട്ടുണ്ട്.
2018 ൽ പി കെ ശശിക്ക് എതിരെ ആരോപണമുണ്ടായി. തലമൂത്ത നേതാവ് ആയ സുരേഷ് ബാബു മുതൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ വരെ വ്യാപകമായി ഇത്തരം പരാതികൾ ഉയർന്നു.
ആരാണ് ആശാൻ, ആരാണ് ശിഷ്യൻ എന്നതിലേ സംശയമുള്ളൂവെന്ന് പ്രശാന്ത് ശിവൻ പരിഹസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി പറയുന്നത് പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ് ബാബുവിനെതിരായ നടപടി എന്നാണ്.
അപ്പോഴും പുതിയ ജില്ലാ സെക്രട്ടറി പറയുന്നത് സുരേഷ് ബാബു വ്യക്തിപരമായ കാരണങ്ങളാൽ സ്വയം സ്ഥാനം ഒഴിഞ്ഞുപോയി എന്നാണ്. ഈ വിഷയത്തിൽ പാർട്ടിയിൽ തന്നെ രണ്ട് നിലപാടുണ്ട്.
ശക്തമായ പ്രതിഷേധം ബിജെപി ഉയർത്തും എന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. സുരേഷ് ബാബുവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന.
സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിക്ക് സിപിഎം സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്.
വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്.
പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയത്. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു.
സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

