സംഘടനാ തലത്തിൽ വലിയ മാറ്റങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്ത്. പഞ്ചാബിന്റെ ചുമതലയിൽ നിന്നാണ് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ഭാഗേലിനെ ഒഴിവാക്കിയിരിക്കുന്നത്.
അദ്ദേഹത്തിന് പകരം പ്രമുഖ നേതാവ് സച്ചിൻ പൈലറ്റിനാണ് പാർട്ടി പുതിയ ചുമതല നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കാനിരിക്കുന്ന പഞ്ചാബ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് നേതൃനിരയിലെ ഈ അപ്രതീക്ഷിത മാറ്റം.
ഭൂപേഷ് ഭാഗേൽ ചുമതലയിൽ തുടരുകയാണെങ്കിൽ രാഹുൽ ഗാന്ധിയുടെ യാത്രയുമായി സഹകരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്നാണ് വിവരം.
ചുമതലകളിൽ നിന്നുള്ള മാറ്റത്തെക്കുറിച്ച് ഭൂപേഷ് ഭാഗേലിന് മുൻകൂട്ടി വിവരം നൽകിയിരുന്നില്ലെന്നും സൂചനകളുണ്ട്. യാത്രയുടെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ദിവസവും ഭൂപേഷ് ഭാഗേൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.
2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനുമാണ് ഈ യാത്ര ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാന സംഘടനാ ചുമതലകളിൽ മാറ്റം വരുത്തിയത്.
യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃൂരിവത്തിൽ ദില്ലിയിൽ പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ നിർണായക യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, പാർട്ടിയുടെ പുതിയ ചുമതലക്കാരനായി എത്തിയ സച്ചിൻ പൈലറ്റിനെ ചരൺ ജിത് സിംഗ് ചന്നി സ്വാഗതം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

