സമസ്ത ഇ കെ വിഭാഗത്തിന്റെ ഔദ്യോഗിക മുഖപത്രമായ സുപ്രഭാതത്തിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നടപടിയെ മുഖപ്രസംഗം ചോദ്യം ചെയ്യുന്നു. മുൻപ് ശബരിമല യുവതീപ്രവേശന വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച അതേ വ്യക്തി തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
ചേന്തി അനിൽ വിഷയത്തിൽ മുൻപ് മുഖ്യമന്ത്രി പ്രയോഗിച്ച ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന വാചകം കടമെടുത്താണ് മുഖപ്രസംഗം വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്താണ് കാന്തപുരം ഇത്തരമൊരു പരാമർശം നടത്തിയതെന്നും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ലേഖനം വാദിക്കുന്നു.
കാന്തപുരത്തിന്റേത് പത്തൊൻപതാം നൂറ്റാണ്ടിലെ അപരിഷ്കൃതമായ പരാമർശമാണെന്ന് വിശേഷിപ്പിക്കാൻ വി ഡി സതീശന് അവകാശമുള്ളതുപോലെ, സ്വന്തം നിലപാട് വ്യക്തമാക്കാൻ കാന്തപുരത്തിനും അവകാശമുണ്ടെന്ന് മുഖപ്രസംഗം സമർത്ഥിക്കുന്നു. വി ഡി സതീശന്റെ നിലപാടിന് ലഭിക്കുന്ന പിന്തുണ ഇസ്ലാമിക സ്ത്രീ സങ്കൽപ്പത്തെക്കുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നാണെന്നും, കുരുടൻ ആനയെ തൊട്ട
അനുഭവമാണ് അദ്ദേഹത്തിനുള്ളതെന്നും ലേഖനം പരിഹസിക്കുന്നു. ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും പ്രവാചകന്റെ പത്നിമാരുടെ തൊഴിൽ മേഖലയെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതാണ് വിമർശനങ്ങൾക്ക് കാരണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വീട്ടകങ്ങളിൽ മാത്രം ഒതുങ്ങേണ്ടവളല്ല സ്ത്രീയെന്ന വി ഡി സതീശന്റെ മുൻകാല പ്രസ്താവനകളെയും ലേഖനം പരോക്ഷമായി പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

