പുൽപള്ളിയിലെ കബനിപ്പുഴയോരങ്ങളിൽ മഴക്കാല മത്സ്യബന്ധനത്തിന് തുടക്കമായി. കബനിയുടെ വൃഷ്ടിപ്രദേശങ്ങളിൽ വൈകി ലഭിച്ച മഴയെത്തുടർന്ന് പുഴയിലേക്ക് കലക്കവെള്ളം എത്തിയതോടെയാണ് മീൻപിടിത്തക്കാർ സജീവമായത്.
ശനിയാഴ്ച മുതൽ പുഴയോരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാസങ്ങൾക്ക് മുൻപേ സ്ഥലം കൈവശപ്പെടുത്തി തട്ടടിച്ചവരും പുഴയോരത്ത് ക്യാമ്പ് ചെയ്തവരും ഉൾപ്പെടെ വൻജനാവലിയാണ് ഇവിടെയുള്ളത്.
പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള തീരപ്രദേശങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തമ്പടിച്ചിട്ടുണ്ട്. പുഴയോരത്ത് ടെന്റുകൾ കെട്ടി താമസിക്കുന്നവർ ഭക്ഷണവും മറ്റും തയ്യാറാക്കി മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു.
കബനിയുടെ മറുകരയായ ബൈരക്കുപ്പ പഞ്ചായത്തിലെ താമസക്കാരും കൊട്ടത്തോണികളും വലകളുമായി സജീവമായി രംഗത്തുണ്ട്. ഇവിടെ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ വിവിധ അങ്ങാടികളിൽ വിൽപനയ്ക്കും എത്തിക്കുന്നു.
ചെമ്പല്ലി, കട്ല, റോഗ്, തിലോപ്പിയ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് വലയിൽ പ്രധാനമായും കുടുങ്ങുന്നത്. എട്ട് മുതൽ പത്ത് കിലോ വരെ തൂക്കമുള്ള മീനുകളെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.
പുഴയിലേക്കുള്ള തോടുകളിൽ തണ്ടാടി വല കെട്ടിയും മീൻപിടുത്തം നടക്കുന്നുണ്ട്. എന്നാൽ പുൽപള്ളി മേഖലയിൽ ഇന്നലെ മഴ ലഭിക്കാത്തതും പകൽ സമയത്തെ ചൂടും മത്സ്യലഭ്യതയെ ബാധിച്ചതായി മീൻപിടുത്തക്കാർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ ആദ്യവാരത്തിൽ ബീച്ചനഹള്ളി അണക്കെട്ടിൽ നിന്ന് വൻതോതിൽ മത്സ്യം പുഴയുടെ മുകൾഭാഗത്തേക്ക് കുതിച്ചെത്തിയിരുന്നു. കഴിഞ്ഞ വർഷം ടൺ കണക്കിന് പുഴമീനാണ് വയനാടൻ മാർക്കറ്റുകളിൽ എത്തിയത്.
ഇക്കൊല്ലം മഴ വൈകിയതും ജലനിരപ്പ് കാര്യമായി ഉയരാത്തതും വെല്ലുവിളിയാണെങ്കിലും, വരും ദിവസങ്ങളിൽ മഴ ശക്തമായാൽ മികച്ച ലഭ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

