പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഉൾപ്പെട്ട സൻഘാർ ജില്ലയിൽ പുതിയ എണ്ണ, വാതക നിക്ഷേപങ്ങൾ കണ്ടെത്തിയതായി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് ഗ്യാസ് ഡവലപ്മെന്റ് കമ്പനി (ഒജിഡിസിഎൽ) ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ ആഗോള വിപണിയിൽ ഇന്ധനവില വർധിക്കുകയും വിതരണ ശൃംഖലകളിൽ പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്ത സാഹചര്യത്തിൽ, ഈ കണ്ടെത്തൽ രാജ്യത്തിന് ഏറെ നിർണായകമാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും (പിഎസ്എക്സ്) കമ്പനി സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം, സൻഘാർ ജില്ലയിലെ ബോബി, ധമ്രാക്കി മേഖലയിലുള്ള ബോഡി ഡീപ്-1 ബ്ലോക്കിലാണ് പുതിയ നിക്ഷേപങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
പര്യവേഷണത്തിലൂടെ കണ്ടെത്തിയ ഈ പാടത്തുനിന്ന് പ്രതിദിനം 2000 ബാരൽ ക്രൂഡോയിലും 11 ലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് ഫീറ്റ് (എംഎംഎസ്സിഎഫ്ഡി) വാതകവും ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇറക്കുമതി ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഈ കണ്ടെത്തൽ ഭാവിയിൽ കരുത്താകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ആഭ്യന്തര ഇന്ധനവില പിടിച്ചുനിർത്താൻ ഈ ഉൽപാദനം സഹായകമാകും. എങ്കിലും, ഈ മേഖലയിൽനിന്ന് വാണിജ്യപരമായ ഉൽപാദനം പൂർണതോതിൽ ആരംഭിക്കാൻ വൻതോതിലുള്ള നിക്ഷേപങ്ങളും തുടർപ്രവർത്തനങ്ങളും ആവശ്യമായി വരും.
രാജ്യത്തിന്റെ പ്രതിദിന ക്രൂഡോയിൽ ആവശ്യകത 4 ലക്ഷം ബാരലായിരിക്കെ, ബോഡി ഡീപ്-1 ബ്ലോക്കിൽ നിന്ന് ലഭിക്കുന്ന 2000 ബാരൽ എന്ന ഉൽപാദന ലക്ഷ്യം ആകെ ആവശ്യകതയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. എങ്കിലും, ഭാവിയിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഒജിഡിസിഎൽ അധികൃതർ.
പര്യവേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

