കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. മുഖ്യമന്ത്രിപദം രാജിവയ്ക്കില്ലെന്ന നിലപാടിൽ മമത ബാനർജി തുടരുമ്പോൾ പുറത്താക്കാനുള്ള നിയമ വഴികൾ ഗവർണർ ആലോചിക്കുകയാണ്.
മമത ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് വിമർശിക്കുന്നവർ എസ്ഐആറിന്റെയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളുടെയും സമയത്ത് എവിടെയായിരുന്നുവെന്ന് തൃണണൂൽ കോണ്ഗ്രസ് ആഞ്ഞടിച്ചു. ബംഗാളിൽ ഫലം വന്ന് രണ്ടാം ദിവസവും സ്ഥാനം ഒഴിയാൻ തയ്യാറാകാതെ മമത ബാനർജി വാശിയിലാണ്.
ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടരുകയാണ് മമത. മമതയുടെ നീക്കം മറികടക്കാൻ കേന്ദ്ര സർക്കാർ നിയമ വഴികൾ തേടുകയാണ്.
മമത സ്വയം രാജി വച്ചില്ലെങ്കിൽ ഗവർണർക്ക് ഇതിന് നിർദ്ദേശം നല്കാം. ഇത് അനുസരിച്ചില്ലെങ്കിൽ ഭരണഘടനയുടെ 164 അനുച്ഛേദ പ്രകാരം പുറത്താക്കാനുള്ള അധികാരം ഗവർണർക്കുണ്ട്.
മമത തെരഞ്ഞെടുപ്പിൽ തോറ്റതിനാൽ, നിയമസഭയ്ക്ക് അകത്ത് ഭൂരിപക്ഷം പരിശോധിച്ചേ പുറത്താക്കാവൂ എന്ന സുപ്രീംകോടതി വിധിയും ബാധകമല്ല. എന്നാൽ ഇതിന് മുൻപ് ഗവർണർ ആർഎൻ രവി മമതയോട് സംസാരിച്ചേക്കും.
എന്നിട്ടും മമത വഴങ്ങയില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും. മമത ബാനർജി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും മമതയുടെ വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ബിജെപി നേതാക്കൾ വിമർശനം കടുപ്പിച്ചു.
എന്നാൽ ഭരണഘടനയെ കുറിച്ച് ഇപ്പോൾ വാചാലരാകുന്നവർ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും കേന്ദ്രസേനയും ഒരുമിച്ച് ബിജെപിയോടൊപ്പം തെരഞ്ഞെടുപ്പ് അട്ടിമറിക്കുമ്പോൾ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ടിഎംസി ഉയർത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് മെഷീനുകൾ മാറ്റിയെന്ന ആരോപണവും ടിഎംസി ഉയർത്തി.
നൂറ് കൗണ്ടിംഗ് കേന്ദ്രങ്ങളിലെങ്കിലും സീരിയൽ നമ്പറുകൾ നേരത്തെ രേഖപ്പെടുത്തിയതുമായി ഒത്തുപോകുന്നതായിരുന്നില്ലെന്നും വോട്ടെണ്ണൽ പകുതിയായപ്പോൾ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റി പുറത്തുള്ളവരെ കൊണ്ടു വന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചു. അതിനിടെ ബിജെപി നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായ അമിത് ഷായും മോഹൻ ചരൺ മാജിയും ഉടൻ ബംഗാളിലെത്തും.
സുവേന്ദു അധികാരിക്കാണ് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന. അതേസമയം ബംഗാളിൽ അക്രമം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്.
കൊൽക്കത്ത ന്യൂമാർക്കറ്റിൽ ബിജെപി വിജയാഘോഷത്തിനിടെ ബുൾഡോസർ ഉപയോഗിച്ച് ഇറച്ചിക്കടകൾ തകർക്കുന്ന ദൃശ്യങ്ങൾ ടിഎംസി പുറത്തുവിട്ടു. പലയിടത്തും ടിഎംസി ആസ്ഥാനങ്ങൾക്ക് തീയിട്ടു.
ബോങ്ഗാവോണിൽ വിജയിച്ച ടിഎംസി സ്ഥാനാർത്ഥി ബിന മൊണ്ടലിന്റെ വീടും വാഹനവും ഇന്നലെ രാത്രി ബിജെപി ഗുണ്ടകൾ അക്രമിച്ച് തകർത്തെന്നും ടിഎംസി പരാതിപ്പെട്ടു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ട
സാഹചര്യത്തിൽ അക്രമങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. ആഘോഷ പരിപാടികളിൽ ബുൾഡോസർ കൊണ്ടു വരുന്നത് വിലക്കി.
ആവശ്യമുള്ളിടത്തെല്ലാം കർഫ്യൂ പ്രഖ്യാപിക്കാനും സേനാ വിന്യാസം ശക്തമാക്കാനും നിർദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

