ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വിജയം സ്വന്തമാക്കിയത്.
പരിശീലകൻ നൗഷാദ് മൂസയുടെ കീഴിലുള്ള യുവനിരയാണ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ സമ്പൂർണ്ണ ആധിപത്യം പുലർത്തി.
യുവതാരം സുഹൈൽ അഹമ്മദ് ഭട്ടിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. മുഹമ്മദ് സുഹൈലിന്റെ ക്രോസിൽ നിന്ന് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട
സുഹൈൽ ഭട്ട്, തൊട്ടുപിന്നാലെ രണ്ടാം ഗോളും നേടി ലീഡ് ഇരട്ടിയാക്കി. തുടർന്ന് നോഫൽ നൽകിയ പാസിൽ നിന്ന് മാങ്ലെൻതാങ് കിപ്ഗെൻ പന്ത് വലയിലെത്തിച്ചതോടെ ഇന്ത്യ 3-0 എന്ന ശക്തമായ നിലയിലേക്ക് ഉയർന്നു.
പാകിസ്ഥാന് ലഭിച്ച പെനാൽറ്റി ഷായക് ദോസ്ത് പാഴാക്കിയത് ഇന്ത്യയ്ക്ക് തുണയായി. രണ്ടാം പകുതിയിൽ ഇന്ത്യയുടെ വേഗത കുറഞ്ഞെങ്കിലും, ഇഞ്ചുറി ടൈമിൽ പാകിസ്ഥാൻ ശക്തമായ തിരിച്ചുവരവ് നടത്തി.
ജുനൈദ് ഷായുടെ ക്രോസിൽ നിന്ന് നജീബുള്ള ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ആലംഘീർ ഘാസി രണ്ടാമത്തെ ഗോളും കൂടി നേടിയതോടെ മത്സരം അത്യന്തം ആവേശകരമായി.
എന്നാൽ അവസാന നിമിഷം പ്രതിരോധം ശക്തമാക്കിയ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരശേഷം പ്രതികരിച്ച ആലംഘീർ ഘാസി, ആദ്യ പകുതിയിലെ വീഴ്ചകൾ ടീമിന് തിരിച്ചടിയായെന്നും എന്നാൽ രണ്ടാം പകുതിയിലെ പ്രകടനം ആത്മവിശ്വാസം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.
11-ാം തീയതി മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതിനു മുന്നോടിയായി എട്ടാം തീയതി പാകിസ്ഥാൻ മാലദ്വീപിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

