അഹമ്മദാബാദിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് കനത്ത പരാജയം. ഗുജറാത്തിനെതിരെ ഒരു ഇന്നിങ്സിനും 58 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്.
ഒന്നാം ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങിയ കേരളം, ഫോളോഓൺ ചെയ്തുകൊണ്ട് രണ്ടാം ഇന്നിങ്സിൽ 197 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിലെ സ്കോർനില: ഗുജറാത്ത് 534-9, കേരളം 279, 197.
അവസാന ദിനം ഒരു വിക്കറ്റിന് 41 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ ആദ്യ ഓവറിൽ തന്നെ അഭിഷേക് പി നായരെ (29) അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കി.
പിന്നാലെ എത്തിയ വരുൺ നായനാർ (8) സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് ഒത്തുചേർന്ന സച്ചിൻ ബേബി – വിഷ്ണു വിനോദ് സഖ്യം നാലാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്ത് ചെറുത്തുനിൽപ്പിന് ശ്രമിച്ചു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 121 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഓവറുകളിൽ തന്നെ കേരളത്തിന്റെ തകർച്ച ആരംഭിച്ചു.
39 റൺസെടുത്ത വിഷ്ണു വിനോദിനെ വിശാൽ ജയ്സ്വാൾ പുറത്താക്കി. തൊട്ടുപിന്നാലെ മുഹമ്മദ് അസറുദ്ദീൻ (4) റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി.
52 റൺസ് നേടിയ സച്ചിൻ ബേബി, അമിത് ദേശായിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയതോടെ കേരളത്തിന്റെ സമനില പ്രതീക്ഷകൾ അസ്തമിച്ചു. അവസാന വിക്കറ്റുകളിൽ ആദിത്യ സർവാതെ (30), ജലജ് സക്സേന (11) എന്നിവർ ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ഗുജറാത്തിനായി അർസാൻ നഗ്വാസ്വെല്ല നാല് വിക്കറ്റും സിദ്ധാർത്ഥ് ദേശായി രണ്ട് വിക്കറ്റും സ്വന്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

