സോഷ്യൽ മീഡിയയിലൂടെ എത്തി മലയാള സിനിമയിൽ തങ്ങളുടെതായ ഇടം കണ്ടെത്തിയ യുവതാരങ്ങളുടെ നിരയിലേക്ക് പുതിയൊരു പേര് കൂടി കടന്നുവരുന്നു. അടുത്തിടെ തിയേറ്ററുകളിൽ വലിയ വിജയം നേടിയ വാഴ 2 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ അജിൻ ജോയ് മലയാളത്തിൻ്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു.
വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’ എന്ന ചിത്രത്തിലൂടെയാണ് അജിൻ ജോയ് സിനിമയിൽ നിർണായകമായ പുതിയ ചുവടുവെപ്പ് നടത്തുന്നത്. “അടുത്തൊരു യാത്ര കൂടി… കൂടെ കാണണം” എന്ന വരികളിലൂടെയാണ് താരം തന്റെ പുതിയ സിനിമയിലെ സാന്നിധ്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. പ്രശസ്ത നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 367-ാമത്തെ സിനിമയാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരായ വിദ്യാർത്ഥികളെയും പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ജോർജിയയിൽ ഇതിനോടകം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
മോഹൻലാലിന് പുറമെ അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി ഏകദേശം 180 ദിവസത്തെ ഷൂട്ടിംഗാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.
ചിത്രത്തിന് സംഗീതം നൽകുന്നത് ശാശ്വത് സച്ച്ദേവ് ആണ്. മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

