ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലും, വിപണിയിൽ ആശങ്കയായി പശ്ചിമേഷ്യയിലെ ഹൂതി ആക്രമണങ്ങൾ തുടരുന്നു. ഹോർമുസ് തുറക്കാൻ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാനും യുഎസും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ചെങ്കടലിൽ ഇന്ത്യൻ കപ്പലിനു നേരെ അടക്കം നടന്ന ഹൂതി ആക്രമണങ്ങളാണ് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നത്.
യുഎസിനെ ഒഴിവാക്കി പാക്കിസ്ഥാൻ അടക്കമുള്ള മധ്യസ്ഥരുമായി ഇറാൻ നടത്തുന്ന ചർച്ചകളും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇറാൻ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനെ യുഎസ് മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇതിനിടയിൽ ഹോർമുസ് തുറക്കാനുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നും വിവരമുണ്ട്. ഇറാനും യുഎസും വീണ്ടും വെടിനിർത്തൽ കരാറിലെത്തി തുടർ ചർച്ചകളിലേക്ക് നീങ്ങാനുള്ള വഴിയൊരുക്കുന്ന നീക്കമാണിത്.
ഇറാന് ഹോർമുസിൽ കൂടുതൽ നിയന്ത്രങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഇടക്കാല കരാറെന്നും അറിയുന്നു. ഹോർമുസിലൂടെ പശ്ചിമേഷ്യയിലേക്ക് വരുന്ന കപ്പലുകൾ ഇറാൻ നിശ്ചയിക്കുന്ന പാതയിലൂടെയായിരിക്കും ഇനി മുതൽ കടന്നു പോവുക.
തിരിച്ചുള്ള കപ്പലുകൾ ഒമാനോടു ചേർന്ന പാതയിലൂടെ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം പുനസ്ഥാപിക്കുന്നതിന് ഇറാനും യുഎസും തമ്മിൽ അടുത്ത ദിവസങ്ങളിൽ തന്നെ കരാറിലെത്തുമെന്ന് ഒരു അഭിമുഖത്തിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു.
ഇതോടെ മേഖലയിൽ ചരക്കു കപ്പലുകൾക്ക് സ്വതന്ത്രമായി നീങ്ങാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനും ഒമാനുമായി യുഎസ് നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്കോട്ട് ബെസന്റും പ്രതികരിച്ചു.
ഇറാനെയും യുഎസിനെയും തുടർ ചർച്ചകളിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തറും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസിലെ മൈനുകൾ നീക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ഇറാൻ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇത് ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ക്രൂഡ് ഇടിഞ്ഞു
ഇത്തരം വാർത്തകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു.
ബ്രെന്റ് വില ബാരലിന് 80 ഡോളറിൽ താഴെയെത്തി. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് ബ്രെന്റ് വില ഇത്രയും താഴെയെത്തുന്നത്.
ഡബ്ല്യുടിഐ ബാരലിന് 75 ഡോളറിലെത്തി. മർബൻ 76 ഡോളറിലാണ്.
എണ്ണവില ഇടിഞ്ഞത് പണപ്പെരുപ്പ ഭീഷണി കുറച്ചിട്ടുണ്ട്. പിന്നാലെ യുഎസ് കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടവും കുറഞ്ഞു.
ഈ മാസത്തിന്റെ തുടക്കത്തിൽ റെക്കോർഡ് ഉയരത്തിലായിരുന്നു ഇത്. 10 വർഷ കാലാവധിയുള്ള ട്രഷറി ബോണ്ടുകളിലെ നേട്ടം 4.6 ശതമാനമാണ് ഇടിഞ്ഞത്.
സ്വർണം കയറ്റത്തിൽ
ആറു പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചികയും 100ന് താഴെയെത്തി. ഇതോടെ സ്വർണവിലയും ഉയർന്നു.
ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറച്ചതോടെയാണിത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം രാജ്യാന്തര സ്വർണവില ഔൺസിന് 4100 ഡോളറിന് മുകളിലെത്തി.
കേരളത്തിലും സ്വർണവില വർധിക്കും. ഇന്ന് പുറത്തുവരുന്ന യുഎസ് തൊഴിൽ കണക്കുകളാണ് ഇനി നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം.
ഇതിലൂടെ യുഎസ് ഫെഡ് റിസർവിന്റെ പലിശ തീരുമാനം ഏതു ദിശയിലാകുമെന്ന സൂചന ലഭിക്കുമെന്നാണ് കരുതുന്നത്. ലാഭക്കഥ മറന്ന് വിപണി
തുടർച്ചയായ നാലു ദിവസത്തെ ലാഭക്കഥ മറന്ന വിപണി ഇന്നലെ നഷ്ടത്തിലായി.
വിപണിയിൽ കഴിഞ്ഞ ദിവസം മുതൽ നടപ്പിലാക്കിയ ക്ലോസിങ് ഓക്ഷൻ സെഷനിൽ (സിഎഎസ്) സൂചികകൾ മുന്നേറിയെങ്കിലും നഷ്ടം ഒഴിവാക്കാനായില്ല. മുഖ്യസൂചികയായ സെൻസെക്സ് 210 പോയിന്റ് നഷ്ടത്തിൽ 78,249ലെത്തി.
നിഫ്റ്റിയാകട്ടെ 159 പോയിന്റ് ഇടിഞ്ഞ് 24,615ലും. അവസാന മിനിറ്റുകളിൽ സെൻസെക്സ് 115 പോയിന്റും നിഫ്റ്റി 150 പോയിന്റുമാണ് മുന്നേറിയത്.
എന്നാൽ തുടർച്ചയായ രണ്ടാം ദിവസവും ക്ലോസിങ് സമയത്ത് സൂചികകൾ കുത്തനെ ഉയർന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വീക്കിലി ഡെറിവേറ്റീവുകളുടെ വില വിപണി ക്ലോസ് ചെയ്ത ശേഷവും മാറുന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു.
സിഎഎസ് നടപ്പിലാക്കിയ ആദ്യ ദിവസത്തെ ക്ലോസിങ് സെഷന് മിനിറ്റുകൾക്ക് മുൻപ് നിഫ്റ്റി 210 പോയിന്റുകളാണ് കയറിയത്. പുതിയ മാറ്റം എന്തിന്?
ഓഹരി വിപണിയിൽ തിങ്കളാഴ്ച മുതൽ നടപ്പാക്കിയ ക്ലോസിങ് സമയത്തിലെ മാറ്റങ്ങൾ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതാണെന്ന് സെബി വിശദീകരിക്കുന്നു.
വിലനിർണയത്തിൽ കൃത്യത ഉറപ്പാക്കാനും ഇതിലൂടെ കഴിയും. ക്ലോസിങ് സമയത്തിലും ഇടപാട് അവസാനിപ്പിക്കുന്ന രീതിയിലും പ്രഖ്യാപിച്ച മാറ്റങ്ങളാണ് ഇന്നലെ പ്രാബല്യത്തിലായത്.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ഉൾപ്പെടെ ഓഹരികളുടെ ക്ലോസിങ് വില നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം ബാധകമാകും. പുതിയ വ്യവസ്ഥ പ്രകാരം 3 വ്യത്യസ്ഥ സമയക്രമങ്ങളിലാണ് വ്യാപാരം അവസാനിക്കുന്നത്.
എഫ് ആൻഡ് ഒ ഇടപാടുകൾ വൈകിട്ട് 3.15ന് അവസാനിക്കും. തുടർന്ന് 3.35 വരെ ക്ലോസിങ് ഓക്ഷൻ സെഷനാണ്.
മറ്റ് ഓഹരികളുടെ ക്ലോസിങ് സമയം 3.30നാണ്. ഇൻഡക്സ്, ഡെറിവേറ്റീവുകളുടെ വ്യാപാര സമയം 3.40ന് അവസാനിക്കും.
എഫ് ആൻഡ് ഒകൾക്ക് ഏർപ്പെടുത്തിയ ഓക്ഷൻ പ്രക്രിയയിൽ 3 മുതൽ 3.15 വരെ വ്യാപാരത്തിന്റെ തോതും ശരാശരി വിലയും കണക്കാക്കി റഫറൻസ് വില നിശ്ചയിക്കും. 3.15 മുതൽ 3.20 വരെയുള്ള സമയത്ത് പുതിയ ഓർഡറുകൾ നൽകാനാവില്ല.
3.20 മുതൽ 3.30വരെ ലിമിറ്റ് ഓർഡറുകൾ നൽകാം. 3.30 മുതൽ 3.35 വരെയുള്ള സമയത്ത് എക്സ്ചേഞ്ചുകൾ സന്തുലിതമായ വില നിശ്ചയിക്കും.
ഈ വിലയിലാണ് ഇടപാടുകൾ പൂർടീകരിക്കുന്നത്. അവസാന മിനിറ്റുകളിൽ വലിയ ഓർഡറുകൾ നൽകി ക്ലോസിങ് വിലയിൽ വലിയ തോതിൽ കൃത്രിമം നടന്നിരുന്നു.
ഇതു തടയുകയാണ് ലക്ഷ്യമെന്നും സെബി പറയുന്നു. നഷ്ടം, നഷ്ടം സർവത്ര
വിപണിയിലെ നഷ്ടം ഏതാണ്ടെല്ലാ മേഖലയെയും ബാധിച്ചു.
നിഫ്റ്റിയിലെ 50ൽ 35 കമ്പനികളും നഷ്ടത്തിലായി. നെസ്ലെ ഇന്ത്യയുടെ സാമ്പത്തിക അവലോകനം പുറത്തുവന്നത് എഫ്എംസിജി ഓഹരികളെ സാരമായി ബാധിച്ചു.
ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്നീ ഓഹരികൾ നഷ്ടത്തിലായി. ഗ്രാസിം, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, മാക്സ് ഹെൽത്ത്കെയർ എന്നീ ഓഹരികളും കനത്ത നഷ്ടത്തിലായി.
കേന്ദ്രസർക്കാർ ഓഹരി വിൽപന നടത്തുമെന്ന് അറിയിച്ച പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി 9% ഇടിഞ്ഞു. റീട്ടെയിൽ നിക്ഷേപകർ അല്ലാത്തവർക്ക് വാങ്ങാനുള്ള അവസരമായിരുന്നു ഇന്നലെ.
ഓഫർ ഫോർ സെയിലിൽ വലിയ നിക്ഷേപ താൽപര്യം ഉണ്ടായിരുന്നെങ്കിലും ഓഹരിയെ രക്ഷിക്കാനായില്ല. എൽഐസിയിലെ 6.54 ശതമാനം ഓഹരി വിറ്റ് 31,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഇന്ന് റീട്ടെയിൽ നിക്ഷേപകർക്ക് ബിഡ് ചെയ്യാനുള്ള അവസരമാണ്. ഇന്ന് റിസർവ് ബാങ്കിന്റെ പണനയ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസത്തെ ക്ലോസിങിനേക്കാൾ 175 പോയിന്റ് നേട്ടത്തിലാണ് രാവിലെ ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം. ഓഗസ്റ്റിലെ പണനയം യോഗത്തിന്റെ തീരുമാനം ഇന്ന് രാവിലെ റിസർവ് ബാർ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും.
പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. എന്നാൽ വിപണിയിലെ സാഹചര്യങ്ങളെക്കുറിച്ചും പണലഭ്യതയെക്കുറിച്ചും അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ നിർണായകമാകും.
കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തോത് ആർബിഐയുടെ സഹനപരിധിയായ നാലു ശതമാനത്തിനും മുകളിലാണ്. ഈ സാഹചര്യത്തിൽ അടുത്ത യോഗങ്ങളിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ കരുതുന്നു.
യുഎസിൽ എഐ റാലി
അതേസമയം, യുഎസ് വിപണി തുടർച്ചയായ നാലാം ദിവസവും നേട്ടത്തിലായി. ഹോർമുസ് തുറക്കുമെന്ന പ്രതീക്ഷയിൽ എണ്ണവില ഇടിഞ്ഞതും യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നേട്ടം കുറഞ്ഞതുമാണ് വിപണിയെ നേട്ടത്തിലാക്കിയത്.
ഡോ സൂചികയും എസ് ആൻഡ് പിയും റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ഡോ സൂചിക 900 പോയിന്റുകൾ ഉയർന്നു.
എസ് ആൻഡ് പി 1.8 ശതമാനവും നാസ്ഡാക് 2.6 ശതമാനവും നേട്ടത്തിലായി. ഇതാദ്യമായാണ് ഡോ സൂചിക 54,000 പോയിന്റുകൾക്ക് മുകളിലും എസ് ആൻഡ് പി 7700 പോയിന്റുകൾക്ക് മുകളിലുമെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

