സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളിലെ അധികമാരും ചർച്ച ചെയ്യാത്ത ഒരേടാണ് കോട്ടയത്തെ അദ്ദേഹത്തിന്റെ വാസവും തുടർന്നുണ്ടായ ജയിൽവാസവും. 1940 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ, ലോകസഞ്ചാരത്തിനിടയിലാണ് ബഷീർ കോട്ടയത്തെത്തുന്നത്.
പ്രമുഖ സാഹിത്യകാരൻ എം.പി. പോളുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ കോട്ടയത്തേക്ക് ആകർഷിച്ചത്.
തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രൊഫസർ സ്ഥാനം ഒഴിഞ്ഞ ശേഷം എം.പി. പോൾ കോട്ടയത്ത് ആരംഭിച്ച ‘എം.പി.
പോൾസ് കോളജി’ൽ ഹോസ്റ്റൽ വാർഡനായി ബഷീറിന് ജോലി ലഭിച്ചു. അക്കാലത്ത് പുരോഗമന കലാസാഹിത്യ പ്രവർത്തനങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും സജീവമായിരുന്ന ബഷീർ പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
പോലീസിനെ വെട്ടിച്ച് കോട്ടയത്ത് താമസിച്ചിരുന്ന അദ്ദേഹത്തെ ഒടുവിൽ, തപാൽ ഓഫീസിലെ അഞ്ചൽ പെട്ടിയിൽ ആസിഡ് ഒഴിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനക്കരയിലെ ലോക്കപ്പിലായിരുന്നു അദ്ദേഹത്തെ ആദ്യം പാർപ്പിച്ചത്.
തുടർന്ന് കൊല്ലത്തെ കസബ ജയിലിലേക്ക് വിചാരണത്തടവുകാരനായി മാറ്റുകയായിരുന്നു. തിരുവിതാംകൂർ രാജമുദ്ര പതിപ്പിച്ച പഴയ വെസ്റ്റ് പോലീസ് സ്റ്റേഷൻ കെട്ടിടത്തിലായിരുന്നു ബഷീർ അടക്കമുള്ളവർ അന്ന് തടവിൽ കഴിഞ്ഞിരുന്നത്.
2005-ൽ ഈ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. കോട്ടയത്തെ സാമൂഹിക-സാഹിത്യ മണ്ഡലങ്ങളിൽ ബഷീർ സജീവമായിരുന്നു.
കാരാപ്പുഴ കച്ചേരിക്കടവ് ബോട്ടുജെട്ടിക്ക് എതിർവശമുള്ള പുഞ്ചിരി ബിൽഡിങ്സ് ആയിരുന്നു അന്നത്തെ സാഹിത്യകാരന്മാരുടെ പ്രധാന താവളം. വൈക്കം ചന്ദ്രശേഖരൻ നായർ, കാരൂർ നീലകണ്ഠപ്പിള്ള, തകഴി ശിവശങ്കരപ്പിള്ള, പൊൻകുന്നം വർക്കി, എം.പി.
പോൾ, പി.എൻ. പണിക്കർ എന്നിവരടങ്ങുന്ന സംഘം ഇവിടെ ഒത്തുകൂടിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നോവലായ ‘ബാല്യകാലസഖി’യുടെ ആദ്യ വായന നടന്നതും കോട്ടയത്തുവെച്ചാണ്.
നാഗമ്പടത്ത് എം.പി. പോളിന്റെ വസതിയിൽ ചേർന്നിരുന്ന ‘സാഹിതീ സഖ്യം’ എന്ന സാഹിത്യ സമിതിക്ക് മുന്നിലാണ് ബഷീർ ഈ കൃതിയുടെ കയ്യെഴുത്തുപ്രതി സ്വന്തം ശബ്ദത്തിൽ വായിച്ചു കേൾപ്പിച്ചത്.
പിന്നീട് മലയാള സാഹിത്യത്തിലെ അനശ്വര പ്രണയകാവ്യമായി മാറിയ ‘ബാല്യകാലസഖി’, ഇന്ന് 18 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും രണ്ട് തവണ ചലച്ചിത്രമാവുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

