പത്തനംതിട്ട ജില്ലയിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു കുട്ടികളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ, ആറന്മുള പഞ്ചായത്തിലെ 18-ാം വാർഡിൽ ഉൾപ്പെട്ട
എഴിക്കാട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
രോഗം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും ക്ലോറിനേഷനും ആരോഗ്യവകുപ്പ് പൂർത്തിയാക്കിയിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടെത്താത്തത് ആശ്വാസകരമാണ്.
പഴകിയ പൊറോട്ട കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് ഹോട്ടലുകളിൽ വിപുലമായ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി.
ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏഴാം തീയതി ജില്ലയിലെ സ്കൂളുകളിൽ ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.
രോഗബാധയുണ്ടായ എഴിക്കാട് ഉന്നതിയിലും, പകർച്ചവ്യാധി സാധ്യതയുള്ള തേക്കുതോട്, തണ്ണിത്തോട് തുടങ്ങിയ കോന്നി മേഖലകളിലും പ്രത്യേക ആരോഗ്യ ക്യാംപുകൾ സംഘടിപ്പിക്കും. വനാതിർത്തികളിലുള്ള പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കും.
യോഗത്തിൽ എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, കെ.യു.ജനീഷ് കുമാർ, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കലക്ടർ എ.നിസാമുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൽ.അനിതകുമാരി എന്നിവർ പങ്കെടുത്തു.
അതേസമയം, ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ 40 പേർക്ക് ഡെങ്കിപ്പനിയും, രണ്ടു ദിവസത്തിനിടെ മൂന്ന് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
കൂടാതെ 25 പേർക്ക് ഇൻഫ്ലുവൻസയും കണ്ടെത്തിയിട്ടുണ്ട്. ദിവസേന ഏകദേശം അഞ്ഞൂറോളം പേരാണ് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത്.
കൊതുകുജന്യ രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ ജനം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

