കൊച്ചി: കേരളത്തിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിൽ നടന്ന കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് കർശന നടപടികളിലേക്ക്. കമ്പനി പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചുവരുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്.
തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിർണ്ണായകമായ ചർച്ച നിശ്ചയിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് ഈ ചർച്ചയിൽ പങ്കെടുക്കാൻ സാധ്യമല്ലെന്ന നിലപാടാണ് കമ്പനി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് എത്താൻ കൂടുതൽ സമയം വേണമെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇവർ ഒഴിഞ്ഞുമാറുന്നത്. നേരത്തെ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, തൃക്കാക്കര എംഎൽഎ ഉമ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ ധാരണകളെല്ലാം ലംഘിച്ചുകൊണ്ട് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുന്ന നടപടിയാണ് കമ്പനി സ്വീകരിച്ചത്. ഈ നീക്കം ധിക്കാരപരമായ സമീപനമാണെന്ന് ബിന്ദു കൃഷ്ണ വിമർശിച്ചു.
നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത്.
മുന്നൂറിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം കൂട്ടപ്പിരിച്ചുവിടൽ നടത്തുമ്പോൾ പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ കമ്പനി ലംഘിച്ചതായാണ് സൂചന.
പുതിയ ലേബർ കോഡും കരാർ വ്യവസ്ഥകളും ഉയർത്തിക്കാട്ടിയാണ് കമ്പനിയുടെ വിശദീകരണം. പിരിച്ചുവിടപ്പെട്ട
ഭൂരിഭാഗം ജീവനക്കാരും ഇതിനോടകം തന്നെ തൊഴിലിടങ്ങളിൽ നിന്ന് മാറി വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

