ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. പ്രകൃതി സൗഹൃദമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ മന്ത്രി, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെ പ്രത്യേകമായി പരാമർശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഫ്ലെക്സുകളും പോസ്റ്ററുകളും ഒഴിവാക്കി, സൈക്കിളിൽ സഞ്ചരിച്ച് മാതൃക കാണിച്ച ചാണ്ടി ഉമ്മന്റെ നടപടി പ്രശംസനീയമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണെങ്കിലും അത് പ്രായോഗികമാക്കുക പ്രയാസമാണ്.
അതിന് രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും മാതൃക കാണിക്കണം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോസ്റ്ററോ ഫ്ലെക്സോ അടിക്കാതെ, സൈക്കിളിൽ യാത്ര ചെയ്ത് പ്രചാരണം നടത്തിയ ചാണ്ടി ഉമ്മൻ ഈ ദിവസത്തിൽ ഓർക്കാവുന്ന ഒരു മാതൃകയാണ്.
അദ്ദേഹം നൽകിയത് വലിയൊരു സന്ദേശമാണ്. ചെറിയ പഴുതാരയും ഉറുമ്പും തേനീച്ചയും വരെ ഈ പ്രകൃതിയിൽ നമുക്ക് ജീവിക്കാൻ വേണ്ടിയാണ് നിലകൊള്ളുന്നത്.
പ്രകൃതിയെ മനോഹരമാക്കി നിലനിർത്താനുള്ള പ്രതിജ്ഞയാവണം ഈ പരിസ്ഥിതി ദിനം.” ഭൗതികമായ വികസനത്തിനായുള്ള മനുഷ്യന്റെ പരക്കംപാച്ചിലിൽ കാവുകളും കുളങ്ങളും അമ്പലങ്ങളും പള്ളികളും ഉൾപ്പെട്ട പഴയകാല പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ശുദ്ധമായ വായുവും വെള്ളവും വരുംതലമുറയ്ക്കായി തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ മാതൃകാ പൂന്തോട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച പോളി എത്തിലീൻ ബാനറുകളും മറ്റ് പ്രിന്റിങ് മെറ്റീരിയലുകളും ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ ശേഖരിക്കുകയും, ഹമാര പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെ പുനഃചംക്രമണം നടത്തി വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പുനരുപയോഗം ചെയ്ത ഉൽപ്പന്നങ്ങൾ കൊണ്ടാണ് സ്കൂളിലെ പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

