രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ ലഭ്യമായിട്ടുള്ളത്.
ആകെ 3,75,000 കസ്റ്റമർ റെക്കോർഡുകളാണ് ഇത്തരത്തിൽ ചോർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 3,897 കസ്റ്റമർ റെക്കോർഡുകളിൽ വ്യക്തികളെ നേരിട്ട് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള അതീവ രഹസ്യ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇടപാടുകാരുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, വിലാസം, ഇമെയിൽ വിലാസം തുടങ്ങിയ അതിപ്രധാന വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡിഫൻസ് സൈബർ ഏജൻസിയും CERT IN (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) ഉം നൽകിയ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നാണ് വിവര ചോർച്ച പുറത്തുവന്നത്.
കഴിഞ്ഞ ഒക്ടോബർ 16 നാണ് ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബാങ്കിന് കൈമാറിയത്. തുടർന്ന് ഈ വിഷയം സെബിയുടെ മുമ്പാകെയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, വിവര ചോർച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

