വടകര നഗരത്തിലെ ഗതാഗത പ്രതിസന്ധിക്ക് പ്രധാന കാരണമായി മാറുന്നത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്ന് ആക്ഷേപം.
നിർമ്മാണ സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ നീക്കിവെക്കേണ്ടിയിരുന്ന സ്ഥലം വ്യാപാര ആവശ്യങ്ങൾക്കായി കടമുറികളാക്കി മാറ്റിയതാണ് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മൊത്തം വിസ്തീർണത്തിന് ആനുപാതികമായി പാർക്കിങ് സൗകര്യം ഉറപ്പാക്കണമെന്ന നിയമം നിലവിലിരിക്കെയാണ് മിക്ക ബഹുനില കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്.
നഗരത്തിലെ പ്രമുഖ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ബേക്കറികൾ, ലോഡ്ജുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇത്തരം നിയമലംഘനത്തിന് പിന്നിലുണ്ട്. മൂന്നുനിലയുള്ള കെട്ടിടങ്ങളിൽ പോലും ഒരു ഇരുചക്ര വാഹനം നിർത്തിയിടാൻ സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്.
ഇതിനെത്തുടർന്ന് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തിരക്കേറിയ നഗരത്തിൽ വലിയ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നു. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗവും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിൽ നഗരത്തിലെ പുതിയ കെട്ടിടങ്ങളിൽ 40 ശതമാനവും നിയമം ലംഘിച്ചാണ് നിർമ്മിച്ചതെന്ന് കണ്ടെത്തിയിരുന്നു.
നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പല കെട്ടിട ഉടമകളും പിഴ അടച്ച് ‘റഗുലറൈസ്’ ചെയ്ത് രക്ഷപ്പെടുകയാണുണ്ടായത്.
എന്നിരുന്നാലും, ഇത്തരം കെട്ടിടങ്ങളിലെത്തുന്ന വാഹനങ്ങൾ ഇപ്പോഴും റോഡരികിൽ തന്നെ പാർക്ക് ചെയ്യുന്നതിനാൽ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. അതേസമയം, നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഉയരപ്പാത ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്.
560 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഉയരപ്പാതയുടെ അടിഭാഗം വാഹന പാർക്കിങ്ങിനായി വിട്ടുനൽകിയാൽ നഗരത്തിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ ശമനമുണ്ടാകും. എന്നാൽ, ഇവിടെ വാഹനങ്ങൾ കയറാത്ത വിധത്തിൽ കെട്ടിയടയ്ക്കാനാണ് അധികൃതരുടെ നീക്കം.
ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ സ്ഥലം പാർക്കിങ്ങിനായി ഉപയോഗിക്കാൻ സാധിക്കൂ. ഇതിനായി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

