തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് മേഖലയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡ് കയ്യേറി വേദി നിർമിച്ച് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച സംഭവത്തിൽ കേസെടുത്തു. സംഭവത്തിൽ പുനർജനി എന്ന സംഘടനയുടെ കോ-ഓർഡിനേറ്റർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
അനുമതിയില്ലാതെയാണ് റോഡ് കയ്യേറി ഇത്തരത്തിൽ വേദി ഒരുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട
ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് തിരക്കേറിയ റോഡിന്റെ ഒരു ഭാഗം കയ്യേറി ഇവർ വേദി കെട്ടിയത്. ആമയിഴഞ്ചാൻ തോടിന് സമീപത്തുള്ള റോഡിലാണ് അനധികൃതമായി ഈ നിർമ്മാണം നടത്തിയത്.
റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും അടച്ചു വേദി തയാറാക്കിയതോടെ രാവിലെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇരുന്ന കസേരകൾക്ക് തൊട്ടരികിലൂടെയാണ് വാഹനങ്ങൾ കടന്നുപോയിരുന്നത്.
വേദിയിൽ തിരുവനന്തപുരം കോർപറേഷന്റെ പേരും മുഖ്യമന്ത്രി, മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ ചിത്രങ്ങളും പതിച്ച പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. അതേസമയം, റോഡിന്റെ ഒരു ഭാഗം ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നെന്നും വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകിയിരുന്നുവെന്നുമാണ് സംഘാടകരുടെ വിശദീകരണം.
ഉദ്ഘാടന ചടങ്ങിൽ മേയർ ഫ്ലാഗ് ഓഫ് കർമ്മത്തിൽ പങ്കുചേർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

