ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ മലയാളി തീർത്ഥാടകൻ ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം മങ്കട
വെള്ളില യു.കെ പടി സ്വദേശി അലവി ഊരാക്കോട്ടിൽ (60) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.
സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയത്. യാതൊരു തടസ്സങ്ങളും കൂടാതെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടക്കയാത്രക്കായി വിമാനത്താവളത്തിലെത്തിയത്.
ഇവിടെ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമപരമായ നടപടികൾക്കും ആവശ്യമായ സഹായങ്ങളുമായി കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട
കേന്ദ്രങ്ങൾ അറിയിച്ചു.

