ടാറ്റ ഗ്രൂപ്പിന് പിന്നാലെ രാജ്യത്തെ മറ്റൊരു മുൻനിര വ്യവസായ കുടുംബത്തിലും അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർസിനെ നിയന്ത്രിക്കുന്ന ടിവിഎസ് ഗ്രൂപ്പിലാണ് കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്.
ഗ്രൂപ്പ് ചെയർമാൻ എമിരിറ്റസ് വേണു ശ്രീനിവാസൻ, ഭാര്യ മല്ലിക ശ്രീനിവാസൻ, മക്കളായ ലക്ഷ്മി വേണു, സുദർശൻ വേണു എന്നിവർക്കിടയിലാണ് തർക്കങ്ങൾ നിലനിൽക്കുന്നത്. 37 കാരനായ സുദർശൻ വേണു ആണ് ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതല വഹിക്കുന്നത്.
ഗ്രൂപ്പിന് കീഴിലുള്ള വാഹന ഘടക നിർമാണ സ്ഥാപനമായ സുന്ദരം ക്ലെടോൺ ലിമിറ്റഡിനെ (എസ്എൽസി) നയിക്കുന്നത് 42 കാരിയായ ലക്ഷ്മി വേണു ആണ്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ മക്കൾക്കായി വീതം വെച്ചതുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടിവിഎസ് ഹോൾഡിങ്സ്, ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ക്രെഡിറ്റ്, സുന്ദരം ക്ലെടോൺ തുടങ്ങി നിരവധി വൻകിട
ബിസിനസുകളാണ് ടിവിഎസ് ഗ്രൂപ്പിന് കീഴിലുള്ളത്. ഇവയുടെ നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ട
കാര്യങ്ങളിൽ ഇതിനോടകം തന്നെ കുടുംബം സമവായത്തിലെത്തിയെന്നാണ് വേണു ശ്രീനിവാസന്റെ നിലപാട്. എന്നാൽ അന്തിമ തീരുമാനം ഇതുവരെയായിട്ടില്ലെന്നും കുടുംബത്തിന്റെ കീഴിലുള്ള ചില ആസ്തികളുടെ കാര്യത്തിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമാണ് ഭാര്യ മല്ലിക ശ്രീനിവാസന്റെ വാദം.
എങ്കിലും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ടി.വി.സുന്ദരം അയ്യങ്കാർ ആണ് ടിവിഎസ് ഗ്രൂപ്പിന് അടിത്തറയിട്ടത്.
അദ്ദേഹത്തിന്റെ കുടുംബപരമ്പരയിൽപ്പെട്ടവർ കാലഘട്ടത്തിനനുസരിച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള ബിസിനസുകൾ വിജയകരമായി മുന്നോട്ട് നയിച്ചു വന്നു. 2020-ൽ ടിവിഎസ് കുടുംബത്തിൽ പ്രധാനപ്പെട്ട
ഒരു സ്വത്ത് വിഭജനം നടന്നിരുന്നു. ടിവിഎസ് മോട്ടോറുമായി ബന്ധപ്പെട്ട
വ്യവസായങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം ലഭിച്ചത് വേണു ശ്രീനിവാസനായിരുന്നു. എന്നാൽ ഇപ്പോഴത്തെ അഭിപ്രായവ്യത്യാസങ്ങൾ ഇതിൽ നിന്നും കുറച്ചുകൂടി വ്യത്യസ്ത സ്വഭാവമുള്ളതാണ്.
തന്റെ കുടുംബത്തിനുള്ളിലെ സ്വത്ത് വിഭജനം 2020-ൽ തന്നെ പൂർത്തിയായതാണെന്നാണ് വേണു ശ്രീനിവാസന്റെ പക്ഷം. എന്നാൽ 2020-ലെ വിഭജനവും കുടുംബത്തിലെ സ്വത്തുക്കളുടെ കൈമാറ്റവും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണെന്നാണ് മല്ലികയുടെ വാദം.
2024-ൽ വേണു ശ്രീനിവാസന്റെ കുടുംബത്തിലെ നാല് അംഗങ്ങൾ ഒപ്പുവെച്ച ധാരണാപത്രവും ഈ സാഹചര്യത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബാംഗങ്ങൾ തമ്മിൽ ഒരേ തരത്തിലുള്ള ബിസിനസ് രംഗത്ത് പരസ്പരം മത്സരിക്കരുതെന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
ടിവിഎസ് എന്ന പ്രശസ്തമായ ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും ഇതിലുണ്ടായിരുന്നു.
എന്നാൽ 2024-ൽ ഒപ്പുവെച്ചത് ബ്രാൻഡ് നെയിമിന്റെ ഉപയോഗം സംബന്ധിച്ച ധാരണാപത്രം മാത്രമാണെന്നും, അത് കുടുംബസ്വത്തിന്റെ അന്തിമ വിഭജനമല്ലെന്നുമാണ് മല്ലികയും മകൾ ലക്ഷ്മിയും വ്യക്തമാക്കുന്നത്. കുടുംബാംഗങ്ങൾക്ക് ഏതൊക്കെ മേഖലകളിൽ ബിസിനസ് തുടരാം, ബ്രാൻഡ് നെയിം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുപോലുള്ള വ്യവസ്ഥകൾ മാത്രമാണ് ഇതിലുള്ളത്.
കമ്പനിയുടെ ഓഹരി പങ്കാളിത്തം തുടങ്ങിയ നിർണായക വിഷയങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള പ്രശ്നങ്ങൾ വഷളാകാതെ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് സൗഹൃദപരമായി പരിഹരിക്കണമെന്നും, കുടുംബ ആസ്തികൾ തുല്യമായി വീതിച്ചു നൽകണമെന്നുമാണ് മല്ലികയുടെ ആവശ്യം.
അതേസമയം, നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബാംഗങ്ങൾ. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

