കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയുടെ പിന്മാറ്റവും ഡി കെ ശിവകുമാർ സ്ഥാനമേൽക്കുന്നതും സംബന്ധിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തിൽ, ജാതി-മത സമവാക്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലുകൾ. സമുദായങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിക്കൊണ്ടാണ് ഡി കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പിന്നാക്ക വിഭാഗമായ കുറുബ സമുദായത്തിൽപ്പെട്ട സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിഞ്ഞത് രാഷ്ട്രീയമായി തിരിച്ചടിയാകാതിരിക്കാൻ കോൺഗ്രസ് മുൻകൂട്ടി ആസൂത്രണം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞയ്ക്ക് മുൻപേ തന്നെ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചത്. കൂടാതെ, രാജിക്ക് പിന്നാലെ ദളിത് സംഘടനകൾ ഉയർത്തിയ പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, പ്രാരംഭ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ മൂന്നുപേരെ ദളിത് വിഭാഗത്തിൽ നിന്ന് ഉൾപ്പെടുത്താനും നേതൃത്വത്തിനായി.
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്കും മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ഡി കെ ശിവകുമാർ ഉൾപ്പെടെ വൊക്കലിഗ വിഭാഗത്തിൽ നിന്ന് മൂന്നുപേർ മന്ത്രിസഭയിലെത്തി.
ലിംഗായത്ത് വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനായി യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ, ജാതി സമവാക്യങ്ങളിൽ ഉണ്ടാകാവുന്ന ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവ് ഹൈക്കമാൻഡിനുണ്ട്. ഇക്കാരണത്താൽ തന്നെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട
ബി കെ ഹരിപ്രസാദ് എത്തിയതും ശ്രദ്ധേയമാണ്. കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ഒബിസി പ്രാതിനിധ്യം പൂർണ്ണമായും ഉറപ്പാക്കാൻ നേതൃത്വം പ്രത്യേക താല്പര്യം കാണിച്ചു.
മന്ത്രിസഭയിൽ കുറഞ്ഞത് നാല് പുതുമുഖങ്ങളെങ്കിലും വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാട്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഹൈക്കമാൻഡ് ഒടുവിൽ മയപ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

