സ്മാർട്ട് റിംഗ് നിർമ്മാതാക്കളായ അൾട്രാഹ്യൂമന്റെ ആഭ്യന്തര സംവിധാനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകി.
മാർച്ച് 27-ന് കമ്പനിയുടെ ആഭ്യന്തര അനലിറ്റിക്സ് സംവിധാനത്തിലേക്ക് അനധികൃതമായി കടന്നുകയറ്റം ഉണ്ടായതായാണ് വിവരം. കമ്പനി സ്ഥാപകനും സിഇഒയുമായ മോഹിത് കുമാർ അയച്ച ഇമെയിലിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, ഓർഡർ സംബന്ധമായ വിവരങ്ങൾ, ഇടപാട് ചരിത്രം എന്നിവയാണ് സുരക്ഷാ വീഴ്ചയിൽ ഉൾപ്പെട്ടത്. എന്നാൽ പാസ്വേഡുകളോ പണമടയ്ക്കൽ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടില്ലെന്നും, ബാധിക്കപ്പെട്ട
സംവിധാനത്തിൽ വിവരങ്ങൾ മാറ്റം വരുത്താനോ നീക്കം ചെയ്യാനോ സാധിക്കില്ലെന്നും മോഹിത് കുമാർ വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ അനധികൃത ആക്സസ് റദ്ദാക്കുകയും ബാധിക്കപ്പെട്ട സംവിധാനം ഓഫ്ലൈൻ ആക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ നിരീക്ഷണം തുടരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിക്കുന്നു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും, ജീവനക്കാരുടെ ഉപകരണങ്ങളിലെ സുരക്ഷ വർധിപ്പിച്ചതായും ആക്സസ് ഓഡിറ്റുകൾ കർശനമാക്കിയതായും അൾട്രാഹ്യൂമൻ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സംശയങ്ങൾ ദൂരീകരിക്കാനായി [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
യുഎസ് വിപണിയിൽ മാർച്ച് മാസത്തിൽ തിരിച്ചെത്തിയ കമ്പനി, നിലവിൽ ഏഴ് ലക്ഷത്തോളം സജീവ ഉപയോക്താക്കളെയാണ് ഈ മേഖലയിൽ കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

