രേഖയുടെ രണ്ടാം വിവാഹം 5 മാസം മുൻപ്, മൃതദേഹത്തിന് സമീപം ഭീഷണിക്കത്ത്; യുവതിയുടെയും അമ്മയുടെയും മരണം കൊലപാതകം
പടിയൂർ ∙ തൃശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ആദ്യഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.
Also Read
ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 2ന് മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു.
മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പൊലീസിനു ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. വീട്ടിൽനിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസിയായ വീട്ടുടമ വിവരം അറിയിച്ചതനുസരിച്ചെത്തിയ മൂത്ത മകൾ സിന്ധു വീടിന്റെ പിറകുവശത്തെ പൂട്ടാതിരുന്ന വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
വീടിനകത്ത് സാധനങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മണിയും രേഖയും കഴിഞ്ഞ ജനുവരിയിലാണ് വീട് വാടകയ്ക്കെടുത്തതെന്ന് വീട്ടുടമ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

