സംസ്ഥാനത്ത് അടുത്തിടെ നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഭരണകേന്ദ്രങ്ങളിൽ കല്ലുകടിയും കനത്ത വിവാദങ്ങളും രൂപപ്പെടുന്നു. കെഎസ്ഇബി ചെയർമാൻ പദവിയിൽനിന്നും എം.ജി.രാജമാണിക്യത്തെ മാറ്റിയതിന് പിന്നിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട
അഭിപ്രായ വ്യത്യാസങ്ങളാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് പുതിയ മേധാവിയെ നിയോഗിച്ചെങ്കിലും, ഡി.സജിത്ബാബു വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് ഉദ്യോഗസ്ഥവൃത്തങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടലെടുത്ത വേളയിൽ ഹിമാചൽ പ്രദേശിൽനിന്നും വൈദ്യുതി ലഭ്യമാക്കാനായിരുന്നു കെഎസ്ഇബിയുടെ പ്രാരംഭ തീരുമാനം. എന്നാൽ, വിവിധ കമ്പനികൾക്കായി വൈദ്യുതി വിപണനം നടത്തുന്ന ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയർമാനുമേൽ കനത്ത സമ്മർദ്ദമുണ്ടായതായാണ് വിവരം.
ഈ നീക്കം ബോധപൂർവ്വം വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുമെന്നായിരുന്നു കെഎസ്ഇബിയുടെ കർശന നിലപാട്. ഇതിനിടെ, ആരോഗ്യവകുപ്പിൽനിന്നും സ്ഥലം മാറ്റിയ നടപടിയിൽ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് കടുത്ത അതൃപ്തിയുള്ളതായും വിവരങ്ങളുണ്ട്.
തങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെയുള്ള ബാർ ലൈസൻസ് തീരുമാനങ്ങളിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരെ മന്ത്രി എം.ലിജു പരസ്യമായി രംഗത്തെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ ലൗഞ്ചുകൾക്കായി എഫ്എൽ 7 ബാർ ലൈസൻസുകൾ അനുവദിച്ച കമ്മിഷണറുടെ ഏകപക്ഷീയമായ നടപടിയിൽ മന്ത്രിയുടെ ഭാഗത്തുനിന്നും കടുത്ത വിമർശനമാണ് ഉണ്ടായത്.
വകുപ്പിലെ ഉദ്യോഗസ്ഥർ തുടർച്ചയായി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തുന്നുവെന്നും സ്വമേധയാ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലുള്ള കമ്മിഷണറെ മന്ത്രി ഫോണിൽ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് കമ്മിഷണറെ മാറ്റുന്നതിനുള്ള അന്തിമ തീരുമാനത്തിലേക്ക് മന്ത്രി എത്തിയതായാണ് സൂചന.
അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയെങ്കിലും, അവിടെ സ്പെഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്ചിക്കുന്ന സജിത് ബാബുവിനെ മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തുവരാത്തത് വകുപ്പിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ സർക്കാർ തലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളിൽ മറ്റ് ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തി പുകയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

