സ്മാർട്ട്ഫോൺ ലോകത്ത് വലിയ ചർച്ചയായ ബിൽറ്റ്-ഇൻ പ്രൈവസി സ്ക്രീനുമായാണ് സാംസങ് ഗ്യാലക്സി എസ്26 അൾട്രാ (Samsung Galaxy S26 Ultra) വിപണിയിലെത്തിയത്. പരസ്യമായ നോട്ടങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് സംരക്ഷണം നൽകാൻ ഈ ഫീച്ചറിന് കഴിഞ്ഞെങ്കിലും, പ്രൈവസി ഡിസ്പ്ലേ ഉപയോഗിക്കുമ്പോൾ തെളിച്ചക്കുറവ് ഉൾപ്പെടെയുള്ള ചില ബുദ്ധിമുട്ടുകൾ ഉപയോക്താക്കൾ നേരിട്ടിരുന്നു.
ഈ പോരായ്മകൾ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോൾ. വരാനിരിക്കുന്ന ഗ്യാലക്സി എസ്27 അൾട്രാ (Galaxy S27 Ultra) മോഡലിൽ ഈ പ്രശ്നങ്ങൾക്ക് സാംസങ് പരിഹാരം കണ്ടേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, മുൻ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതും കൂടുതൽ തെളിച്ചമുള്ളതുമായ ‘അപ്ഗ്രേഡ് ചെയ്ത’ പ്രൈവസി ഡിസ്പ്ലേയായിരിക്കും ഗ്യാലക്സി എസ്27 അൾട്രാ (Galaxy S27 Ultra) ഫോണിൽ ഉൾപ്പെടുത്തുക. ആദ്യ തലമുറ പ്രൈവസി ഡിസ്പ്ലേ പ്രവർത്തിപ്പിക്കുമ്പോൾ സ്ക്രീൻ ബ്രൈറ്റ്നസ് ഗണ്യമായി കുറയുന്നതായി വിവിധ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
കൂടാതെ, സാധാരണ മോഡലുകളിൽ വെള്ള പശ്ചാത്തലത്തിൽ കാണപ്പെടുമ്പോൾ ചില യൂണിറ്റുകളിൽ സ്ക്രീൻ നിറം മാറി ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം വരുന്ന പ്രശ്നവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് സ്ഥിരമായ പ്രശ്നമാണെന്ന് ഉപയോക്താക്കൾ കരുതിയെങ്കിലും, പ്രൈവസി ഡിസ്പ്ലേ ഉപയോഗിക്കുമ്പോഴുള്ള താൽക്കാലിക പ്രതിഭാസമാണെന്ന് പിന്നീട് ദക്ഷിണ കൊറിയൻ കമ്പനി വ്യക്തമാക്കിയിരുന്നു.
തുടർന്ന് കളർ ഷിഫ്റ്റ് പരിഹരിക്കാനായി പ്രത്യേക സോഫ്റ്റ്വെയർ അപ്ഡേറ്റും പുറത്തിറക്കിയിരുന്നു. അൾട്രാ മോഡലുകൾക്ക് പുറമെ പുതിയ ഗ്യാലക്സി എസ്27 പ്രോ (Galaxy S27 Pro) പതിപ്പിലും സാംസങ് പ്രൈവസി ഡിസ്പ്ലേ ഫീച്ചർ നൽകുമെന്നാണ് വിവരം.
അൾട്രാ മോഡലിലേതുപോലെ ഉയർന്ന തെളിച്ചമുള്ള ഡിസ്പ്ലേ തന്നെയാണോ ഇതിലും നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും, അൾട്രാ സീരീസിന് പുറത്തേക്ക് സാംസങ് ഈ ഫീച്ചർ വ്യാപിപ്പിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
സ്റ്റാൻഡേർഡ് മോഡലായ ഗ്യാലക്സി എസ്27, എസ്27 പ്ലസ് എന്നിവയിൽ സാധാരണ ഡിസ്പ്ലേകൾ മാത്രമായിരിക്കും ഉൾപ്പെടുത്തുകയെന്നും സൂചനയുണ്ട്. അൾട്രാ മോഡലിനും അടിസ്ഥാന മോഡലിനും ഇടയിലായിരിക്കും പുതിയ ഗ്യാലക്സി എസ്27 പ്രോ (Galaxy S27 Pro) ഇടംപിടിക്കുക.
പ്ലസ് മോഡലിനേക്കാൾ ഒതുക്കമുള്ള രൂപകൽപ്പനയും മികച്ച ഹാർഡ്വെയർ സവിശേഷതകളും ഈ ഫോണിൽ പ്രതീക്ഷിക്കാം. മികച്ച ക്യാമറയും വലിയ ബാറ്ററിയും ഇതിലുണ്ടാകുമെന്നാണ് പുതിയ സർട്ടിഫിക്കേഷനുകൾ നൽകുന്ന സൂചന.
കൂടാതെ, എസ്27 അൾട്രായ്ക്ക് സമാനമായി വേഗതയേറിയ എൽ.പി.ഡി.ഡി.ആർ.6 (LPDDR6) മെമ്മറിയും 1 ടി.ബി വരെ സ്റ്റോറേജ് കോൺഫിഗറേഷനും പ്രോ മോഡലിൽ ലഭ്യമായേക്കാം. എന്നാൽ അടിസ്ഥാന മോഡലുകളിൽ എൽ.പി.ഡി.ഡി.ആർ.5.എക്സ് (LPDDR5X) മെമ്മറിയും പരമാവധി 512 ജി.ബി സ്റ്റോറേജും മാത്രമായിരിക്കും ഉണ്ടാവുക.
പിൻഭാഗത്ത് ദീർഘചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡോട് കൂടിയ പുതിയ ഡിസൈനിലാണ് പ്രോ, അൾട്രാ മോഡലുകൾ എത്തുന്നതെന്നാണ് തേർഡ് പാർട്ടി റെൻഡറുകൾ വ്യക്തമാക്കുന്നത്. സാധാരണ മോഡലുകളെ അപേക്ഷിച്ച് ഈ ഫോണുകൾക്ക് വില കൂടുതൽ വന്നേക്കാം.
സാധാരണ സമയത്തേക്കാൾ ഒരു മാസം മുമ്പ്, അതായത് 2027 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസ് സാംസങ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

