കൽപറ്റയിൽ നിക്ഷേപത്തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാട്സാപ് ഗ്രൂപ്പ് വീണ്ടും സജീവമായതായി റിപ്പോർട്ട്. സൈബർ സെല്ലിന്റെ കർശന നിരീക്ഷണത്തിനിടയിലും തട്ടിപ്പുകാർ പുതിയ അക്കൗണ്ടുകൾ വഴി പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
വയനാട് ജില്ലയിലെ നിരവധി പേരെ ഉൾപ്പെടുത്തിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. നേരത്തെ സൈബർ സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മെറ്റ അധികൃതർ ഈ ഗ്രൂപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, നടപടിക്ക് ദിവസങ്ങൾക്കുള്ളിൽ തന്നെ സംഘം വീണ്ടും പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ഈ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ഗ്രൂപ്പിന്റെ അഡ്മിൻ പാനലിലുള്ള ഒരു നമ്പറിൽ നടത്തിയ പരിശോധനയിൽ, അത് ഹരിയാന സ്വദേശിയായ രാജേഷ് ബൈർവയുടെ പേരിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വ്യക്തി തന്നെയാണോ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നോ അതോ ഇദ്ദേഹത്തിന്റെ വിവരങ്ങൾ ദുരുപയോഗം ചെയ്യുകയാണോ ചെയ്തതെന്നോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
സെപ്റ്റംബർ 26 നാണ് ‘റിയ മണി ഹെൽപ്’ എന്ന പേരിൽ ഈ വാട്സാപ് ഗ്രൂപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ ആർക്കും പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് മെറ്റ ഗ്രൂപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളവർ എത്രയും വേഗം പുറത്തുകടക്കണമെന്നും ഇത്തരം തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

