വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചിത്രഗിരി മീൻമുട്ടി വെള്ളച്ചാട്ടം കഴിഞ്ഞ 14 വർഷമായി അടഞ്ഞുകിടക്കുന്നു. മൂന്നു തട്ടുകളിലായി ചോലാടിപ്പുഴയിൽ നിന്നു കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും കാനനഭംഗിയും ആസ്വദിക്കാൻ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
എന്നാൽ 2012ൽ അടച്ചുപൂട്ടിയ ഈ കേന്ദ്രം ഇതുവരെ പുനരാരംഭിക്കാത്തത് ജില്ലയുടെ ടൂറിസം വികസനത്തിനും ഹോട്ടൽ, റിസോർട്ട്, ടാക്സി മേഖലകൾക്കും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. വനംവകുപ്പിന്റെ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷൻ പരിധിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
പുതിയ വനസംരക്ഷണ സമിതി രൂപീകരിക്കുകയും ഇക്കോ ടൂറിസം പ്ലാൻ അംഗീകരിക്കുകയും ചെയ്തിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സഞ്ചാര കേന്ദ്രം തുറക്കുന്നതിന് വനം മന്ത്രിയുടെ ഭാഗത്തുനിന്നും പ്രത്യേക നിർദേശം ഉണ്ടാകണമെന്നും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രധാന ആവശ്യം.
അതിനിടെ, മീൻമുട്ടി വെള്ളച്ചാട്ട കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിൽ വനംവകുപ്പ് തുടരുന്ന നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വരുന്ന ജനുവരി മുതൽ ജനകീയ രീതിയിൽ സഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനം നടത്തുമെന്ന് ചെല്ലങ്കോട് യുവരശ്മി ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. വനത്തിനും സഞ്ചാരികൾക്കും ഒരുപോലെ ദോഷകരമാകാത്ത രീതിയിൽ വിനോദസഞ്ചാര കേന്ദ്രം തുറന്ന് ജില്ലയുടെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യോഗത്തിൽ സംസാരിച്ച പി.അയൂബ്, ടി.ജാഫർ, യു.കെ.ശശിധരൻ, ഒ.വി.അജീഷ് എന്നിവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

