കനത്ത സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഫ്രാൻസിൽ പ്രതിഷേധങ്ങൾ വീണ്ടും ആളിക്കത്തുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ശനിയാഴ്ച മാത്രം രാജ്യത്ത് ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഇതിൽ 1.10 ലക്ഷം പേർ രാജ്യതലസ്ഥാനമായ പാരീസിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1000 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാപകമായ അക്രമങ്ങളും കൊള്ളയും തടയാൻ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. വിവിധ നഗരങ്ങളിൽ രൂപപ്പെട്ട
സംഘർഷാവസ്ഥ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. പരിശോധനകളിൽ തോക്കുകളും പടക്കങ്ങളും മറ്റ് അപകടകരമായ ആയുധങ്ങളും പിടിച്ചെടുത്തതായി സർക്കാർ അറിയിച്ചു.
പാരീസിലെ പ്രക്ഷോഭ സാഹചര്യം നേരിടാൻ മാത്രം 70,000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രതിഷേധക്കാരുടെ റാലി പാരീസിന്റെ തെക്കുകിഴക്കൻ മേഖലയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ സംഘാടകർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. അനിഷ്ട
സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് സഹായിക്കാൻ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ജലപീരങ്കികളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ലോറെൻ നുനെസ് വ്യക്തമാക്കി. കൂടാതെ, ചില റാലികൾക്ക് ഭരണകൂടം നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തലസ്ഥാനത്തിന് പുറത്തേക്കും പ്രക്ഷോഭം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. പാരീസിൽ നിന്ന് 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഓർലിയൻസ് നഗരത്തിലും ശനിയാഴ്ച ആയിരക്കണക്കിന് പ്രക്ഷോഭകർ അണിനിരന്നു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പാരീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മ്യൂസിയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വന്നു. കഴിഞ്ഞ ആഴ്ചകളിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ നഗരത്തിലെ മൂവായിരത്തോളം കടകളാണ് കൊള്ളയടിക്കപ്പെട്ടത്.
മാസങ്ങൾക്ക് മുൻപ് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം, ഉയർന്ന ഇന്ധന വിലയിലും ഭരണപരമായ വീഴ്ചകളിലും പ്രതിഷേധിച്ച് വർഷങ്ങൾക്ക് മുൻപ് സർക്കാരിനെതിരെ തിരിഞ്ഞ ‘മഞ്ഞക്കുപ്പായക്കാർ’ (യെലോ വെസ്റ്റ് മൂവ്മെന്റ്) കൂടി ചേർന്നതോടെ കൂടുതൽ തീവ്രമായിരിക്കുകയാണ്. വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നതെങ്കിൽ, ഉയർന്ന വേതനവും പെൻഷനും ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകളും ഇപ്പോൾ സമരമുഖത്തേക്ക് എത്തിയിട്ടുണ്ട്.
ഫ്രാൻസിന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രതിഷേധം പടരുന്ന കാഴ്ചയാണ് ഉള്ളത്. ഇറ്റലിയിലെ മിലൻ നഗരത്തിൽ പ്രക്ഷോഭം നിയന്ത്രിക്കാൻ അധികമായി 500 സൈനികരെ കൂടി നിയോഗിച്ചു.
ഇവിടെയും കഴിഞ്ഞയാഴ്ച വലിയ തോതിലുള്ള കൊള്ളകൾ റിപ്പോർട്ട് ചെയ്തിരുന്നു. റോമിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അൽബേനിയൻ തലസ്ഥാനമായ ടിറാനയിലും പ്രതിഷേധങ്ങൾ തുടരുകയാണ്. ഇതിനിടെ സ്പെയിനിലെ മാഡ്രിഡിൽ പെൻഷൻ വർധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിൽ മാർച്ച് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

