നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ മുവാറ്റുപുഴ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു.
മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ട വികസന പദ്ധതികൾക്ക് അർഹമായ പരിഗണന നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്.
ഇതിന്റെ ഭാഗമായി നിർത്തിവെച്ച മുവാറ്റുപുഴ–കൂത്താട്ടുകുളം ബൈപാസ് പദ്ധതി പുനരാരംഭിക്കാൻ സർക്കാർ പച്ചക്കൊടി കാണിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച നിവേദനത്തെ തുടർന്ന്, നിർമാണ ഏജൻസിയായ കെആർഎഫ്ബി (KRFB) യോട് പ്രാഥമിക നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രൂപരേഖ തയ്യാറാക്കിയ ഈ പദ്ധതിക്കായി, എംഎൽഎയുടെ തുടർച്ചയായ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ സർക്കാർ 450 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിരുന്നു. എന്നാൽ 2024-ൽ പദ്ധതി കിഫ്ബി മരവിപ്പിക്കുകയായിരുന്നു.
സർവേ നടപടികൾക്കായി അന്ന് 16 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. നിലവിലെ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം എംഎൽഎ നടത്തിയ ചർച്ചകളും കൂടിക്കാഴ്ചകളുമാണ് പദ്ധതിക്ക് വീണ്ടും ജീവൻ നൽകിയത്.
പദ്ധതിയുടെ പ്രത്യേകതകൾ
പുതിയ റോഡിന് 15.6 കിലോമീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ടാകും. റോഡിന്റെ അലൈൻമെന്റ്, ഗ്രേഡിയന്റ് എന്നിവ പരിശോധിക്കാൻ കിഫ്ബിയുടെ ടിആർസി (TRC) സംഘം ഉടൻ തന്നെ പ്രദേശം സന്ദർശിക്കും.
ഭൂമി ഏറ്റെടുക്കലിനായി മാത്രം 450.33 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. എംസി റോഡിൽ മുവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയുള്ള ഭാഗത്തുള്ള അശാസ്ത്രീയമായ അലൈൻമെന്റും അപകടകരമായ വളവുകളും നിത്യേനയുള്ള ഗതാഗത തടസങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് സമാന്തര പാതയുടെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് വികസന പ്രവർത്തനങ്ങൾ
ബൈപാസ് റോഡിന് പുറമെ, മുവാറ്റുപുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മറ്റ് പദ്ധതികൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.
ജനറൽ ആശുപത്രി മാസ്റ്റർ പ്ലാൻ, മുവാറ്റുപുഴ–കാക്കനാട് ബൈപാസ്, കടാതി–കാരക്കുന്നം ബൈപാസ്, ഇഇസി മാർക്കറ്റ് വികസനം എന്നിവ വരും ദിവസങ്ങളിൽ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

