തിരുവനന്തപുരം റൂറൽ ജില്ലയിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസ്. ജില്ലാ പൊലീസ് മേധാവി തയാറാക്കിയ പുതിയ ഗുണ്ടാപ്പട്ടികയിൽ 3112 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ 173 ഗുണ്ടകളും 2939 റൗഡികളുമടങ്ങുന്ന പട്ടികയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവരെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.
ഇതിൽ കാപ്പ ചുമത്തേണ്ടവരെ ‘എ’ വിഭാഗത്തിലും, നിലവിൽ കേസുകൾ ഇല്ലാത്തവരെ ‘ബി’ വിഭാഗത്തിലും, ഏറെനാളായി കേസുകൾ ഇല്ലാത്തവരെ ‘സി’ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘എ’, ‘ബി’ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം അവരെക്കൊണ്ട് ബോണ്ട് ഒപ്പിടുവിക്കുകയും ചെയ്യും.
‘സി’ വിഭാഗത്തിലുള്ളവരെ കർശന നിരീക്ഷണത്തിലാക്കുകയും ആവശ്യമെങ്കിൽ കരുതൽ തടങ്കലിലാക്കുകയും ചെയ്യും. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഡിവൈഎസ്പിമാർ ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചാണ് റൂറൽ എസ്പി ബി.കെ പ്രശാന്തൻകാണി ഈ പട്ടിക ക്രമീകരിച്ചിരിക്കുന്നത്.
ഒളിവിലുള്ള പ്രതികൾ, വാറന്റ് ഉള്ളവർ, കാപ്പ ചുമത്തി നാടുകടത്തിയ ശേഷം തിരിച്ചെത്തിയവർ എന്നിവരുടെ പട്ടിക പ്രത്യേക സ്ക്വാഡുകൾക്ക് കൈമാറിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളിലെ 30 ഓളം പേർ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.
ഇവരുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിവരങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ 50-ൽ അധികം ഗുണ്ടകളെ നാടുകടത്തുകയും 70 ഓളം പേർക്ക് അതത് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജയിലിൽ കഴിയുന്ന ഗുണ്ടകളുടെ പേരിൽ പിരിവ് നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. വാണിജ്യ സ്ഥാപനങ്ങളെയും അനധികൃത മണൽക്കടത്ത് സംഘങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഗുണ്ടാപ്പിരിവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
സംസ്ഥാനത്തെ ഗുണ്ടാ-റൗഡി സംഘങ്ങളെ തരംതിരിച്ച് നിരീക്ഷണം ശക്തമാക്കിയതായി റൂറൽ എസ്പി ബി.കെ പ്രശാന്തൻകാണി വ്യക്തമാക്കി. “ഗുണ്ടകളെയും റൗഡികളെയും തരംതിരിച്ചു നിരീക്ഷണം തുടങ്ങി.
ഗ്യാങ്ങുകൾക്കു നേതൃത്വം നൽകുന്നവരെ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്യും. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ കാപ്പ ചുമത്താൻ നടപടിയെടുക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

