ന്യൂയോർക്കിലെ ഫ്ലഷിങ് മെഡോസിൽ നടക്കുന്ന യുഎസ് ഓപ്പൺ ടെന്നിസ് മത്സരങ്ങൾ ടിവിയിൽ കാണുമ്പോൾ കാർലോസ് അൽകാരസിനെപ്പോലെയോ നവോമി ഒസാക്കയെപ്പോലെയോ റാക്കറ്റ് കൈയിലെടുത്ത് കളിക്കാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. അതുപോലെ, യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക കായിക വിനോദമായ പിക്കിൾ ബോളിൽ നമ്മുടെ നാട്ടിലും ഒരു കൈ നോക്കാൻ ആഗ്രഹിക്കുന്നവർക്കായി സന്തോഷവാർത്ത.
വാകത്താനം പഞ്ചായത്തിൽ ഇരവുചിറ സെന്റ് മേരീസ് പള്ളിക്കു സമീപം മലങ്കോട്ടയിലെ ആന്റണീസ് സ്പോർട്സ് ക്ലബ്ബിലേക്ക് എത്തിയാൽ ഈ ആഗ്രഹങ്ങൾ സഫലമാക്കാം. ഇവിടെ ഇതിനോടകം ടെന്നിസ് കോർട്ടും ബാഡ്മിന്റൻ കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ പിക്കിൾ ബോൾ കോർട്ട് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും. ഇന്ത്യൻ കരസേനയിലും യുഎസ് ആർമിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ലഫ്.
ജോളി ആന്റണി കൊച്ചുതൈത്തറയാണ് ഗ്രാമപ്രദേശത്തെ കായിക പ്രേമികൾക്കായി ഈ ഇൻഡോർ കോർട്ടുകൾ യാഥാർത്ഥ്യമാക്കിയത്. നാട്ടിൻപുറത്തെ യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഇന്നത്തെ കാലത്ത് കുട്ടികൾ ലഹരിവഴികളിലേക്കു തിരിയാതെ കായിക വിനോദങ്ങളിൽ സജീവമാകാൻ പ്രോത്സാഹനം നൽകുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെന്നിസ്, ടേബിൾ ടെന്നിസ് എന്നീ കളികളോട് ഏറെ സാദൃശ്യമുള്ളതാണ് പിക്കിൾ ബോൾ.
ബാഡ്മിന്റൻ കോർട്ടുമായി സാമ്യമുള്ള കളത്തിൽ, ടെന്നിസ് കോർട്ടിലേതിനു സമാനമായ നെറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ടേബിൾ ടെന്നിസ് ബാറ്റുകളെക്കാൾ അൽപം കൂടി വലുപ്പമുള്ള ബാറ്റും (പാഡിൽ) അകംപൊള്ളയായ പ്ലാസ്റ്റിക് ബോളുമാണ് ഈ വിനോദത്തിൽ ഉപയോഗിക്കുന്നത്.
പുതിയതായി നിർമ്മിച്ച കോർട്ടുകളുടെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന 5ന് രാവിലെ 9 മണിക്ക് ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. യുവതീവിദ്യാർഥികൾക്കായി വിവിധ കായിക ഇനങ്ങളിൽ പ്രത്യേക പരിശീലന ക്യാംപുകളും ഉടൻ തന്നെ ആരംഭിക്കുന്നതാണെന്ന് സംഘാത്തകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

