തിരുവനന്തപുരം ജില്ലയിലെ പാറശാലയ്ക്ക് സമീപം പരശുവയ്ക്കൽ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം നടന്നു. ക്ഷേത്രമതിൽ ചാടി അകത്തുകടന്ന മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറക്കുകയും കാണിക്കപ്പണവും വിളക്കുകളും ഉൾപ്പെടെയുള്ളവ കവർച്ച ചെയ്ത് കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
നിറപുത്തരി ദിനമായതിനാൽ പതിവിലും നേരത്തെ ജീവനക്കാർ ക്ഷേത്രത്തിലെത്തിയത് മോഷണശ്രമം തടയാൻ സഹായകരമായി. ക്ഷേത്രത്തിലെ ജീവനക്കാരാണ്വയോധികനായ കള്ളനെ ആദ്യം കണ്ടത്.
ജീവനക്കാർ വിവരം തിരക്കിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ, പരിസരവാസികളുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിലൂടെ കീഴ്പ്പെടുത്തി പാറശാല പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടികൂടുന്നതിനിടയിൽ പ്രതി പൊലീസിന് നേരെയും ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ചു.
തുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്നും ബലപ്രയോഗം നടത്തിയ ശേഷമാണ് ഇയാളെ പൂർണ്ണമായും കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

