വനമേഖലയിൽ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ താനാജി നാരായൺ ആണ് കളമശ്ശേരി മെട്രോ സ്റ്റേഷനിൽ വെച്ച് സെക്യൂരിറ്റി സ്കാനിംഗിനിടയിൽ പിടിയിലായത്.
അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം. സിനിമയുടെ അണിയറപ്രവർത്തകനായ ലൈറ്റ് ബോയ്ക്ക് ഷൂട്ടിംഗ് സെറ്റിന് സമീപത്തുനിന്നാണ് കാട്ടിൽ നിന്നും മാൻ കൊമ്പ് ലഭിച്ചത്.
ഇത് കളമശ്ശേരിയിലെ താമസസ്ഥലത്ത് എത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ മെട്രോയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയും കളമശ്ശേരി പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മാൻകൊമ്പ് ലഭിച്ച വഴി വ്യക്തമായത്. തുടർന്ന് പ്രതിയെ വനംവകുപ്പിന് കൈമാറി.
കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടിലെ ആഡംബര ആവശ്യങ്ങൾക്കായാണ് മാൻകൊമ്പ് കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും, ഇത് മറ്റാർക്കെങ്കിലും കൈമാറാൻ ഉദ്ദേശിച്ചിരുന്നോ എന്ന കോണിലും വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

