കൊല്ലം ജില്ലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച കാലാവധി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചെങ്കിലും, നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാകില്ലെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ ജൂൺ 30 വരെയായിരുന്ന കാലാവധി ഇപ്പോൾ സെപ്റ്റംബർ 30 വരെയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
കൊറ്റംകുളങ്ങര–കാവനാട് റീച്ചിലാണ് നിർമാണം ഏറ്റവും മന്ദഗതിയിൽ പുരോഗമിക്കുന്നത്. കടവൂർ, കല്ലുംതാഴം, ശക്തികുളങ്ങര മേഖലകളിൽ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ഏറെ സമയമെടുക്കും.
കാവനാട് പാലം തുറന്നെങ്കിലും ഭാരവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മഴയും വിവിധ ഇടങ്ങളിലെ നിർമാണ കാലതാമസവുമാണ് കാലാവധി നീട്ടാൻ കാരണമായതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിൽ മേൽപാലങ്ങളുടെയും, കല്ലുംതാഴത്ത് റെയിൽവേ മേൽപാലത്തിന്റെയും നിർമാണം അന്തിമഘട്ടത്തിലെത്തിയിട്ടില്ല. മേൽപറഞ്ഞ സ്ഥലങ്ങളിൽ വയഡക്ട് നിർമാണത്തിനായുള്ള പൈലിങ് പൂർത്തിയായെങ്കിലും ഗർഡറുകളുടെ നിർമാണം തുടരുകയാണ്.
നീണ്ടകര, കന്നേറ്റി, ചവറ പാലങ്ങളുടെ നിർമാണവും പാതിവഴിയിലാണ്. കരുനാഗപ്പള്ളി ടൗണിലെ മേൽപാലത്തിന്റെ പടിഞ്ഞാറുഭാഗം ഏകദേശം പൂർത്തിയായെങ്കിലും, റോഡുകളുടെ നിർമാണം ഇഴയുകയാണ്.
മൈലക്കാട്ടെ തകർന്ന മേൽപാതയ്ക്ക് പകരം ഏകദേശം 90 കോടി രൂപ ചെലവിൽ നിർമിക്കുന്ന തൂണുകളിലുള്ള പാലത്തിന്റെ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. സിതാര ജംക്ഷൻ മുതൽ മേവറം വാഴപ്പള്ളി ജംക്ഷൻ വരെ നിർമാണം പൂർത്തിയായ ഉയരപ്പാത ഇപ്പോൾ ഗതാഗതത്തിനായി തുറന്നുനൽകിയിട്ടുണ്ട്.
ഓച്ചിറ മേഖലയിലെ നിർമാണ പ്രതിസന്ധികൾ
ഓച്ചിറയിലെ ടോൾ പ്ലാസ നിർമാണം 40 ശതമാനം പൂർത്തിയാകാനുണ്ട്. റോഡ് നിർമാണത്തിന് ആവശ്യമായ മണ്ണ് ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി.
ദേവികുളങ്ങര പഞ്ചായത്തിലെ ഡ്രജിങ് നിർത്തിവെച്ചതും തിരിച്ചടിയായി. കൂടാതെ, ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനമില്ലാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സർവീസ് റോഡുകൾ തകർന്നുകിടക്കുന്നതും യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിർമാണം പൂർത്തിയായാൽ സർവീസ് റോഡുകൾ വൺവേ ആയി ക്രമീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
കൊല്ലം ബൈപാസിലെ ദുരിതങ്ങൾ
കല്ലുംതാഴം മുതൽ മേവറം വരെയുള്ള ഗതാഗതം മാസങ്ങളായി ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. കല്ലുംതാഴം പാലം, റെയിൽവേ പാലം എന്നിവയുടെ നിർമാണം പൂർത്തിയാകാത്തതാണ് കാരണം.
ഈ ഭാഗങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോ തെരുവുവിളക്കുകളോ ഇതുവരെ സജ്ജമാക്കിയിട്ടില്ല. സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് വെളിച്ചം കണ്ടില്ല
ദേശീയപാതയിലെ സുരക്ഷാ ഓഡിറ്റ് ആറു മാസം പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ല.
2025 ഡിസംബറിൽ കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ 378 സ്ഥലങ്ങളിൽ നിർമാണത്തിലെ അപാകതകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, ഇതിന്റെ കണ്ടെത്തലുകൾ പുറത്തുവിടാൻ ദേശീയപാത അതോറിറ്റി തയ്യാറായിട്ടില്ല.
2025 നവംബറിൽ അരൂർ–തുറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തെ തുടർന്നുള്ള സുരക്ഷാ പരിശോധനാ റിപ്പോർട്ടും ഇതേവരെ പുറത്തുവന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

