കൽപറ്റയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പിൽ താമസമാക്കിയ കുടുംബങ്ങൾ കടുത്ത യാത്രാദുരിതത്തിൽ. സോൺ 3, 4 മേഖലകളിൽ താമസം തുടങ്ങിയ 33 കുടുംബങ്ങൾക്ക് വീടുകളിലേക്ക് എത്തണമെങ്കിൽ ചെളിനിറഞ്ഞ പാതയിലൂടെ സഞ്ചരിക്കേണ്ട
ഗതികേടാണ് നിലവിലുള്ളത്. ഈ പാതയിലെ പ്രതിസന്ധി മൂലം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ വലിയ പ്രയാസം നേരിടുന്നു.
ചെളി കാരണം ഓട്ടോറിക്ഷകൾ ടൗൺഷിപ്പിനകത്തേക്ക് വരാൻ മടിക്കുകയാണ്. വന്നാൽ തന്നെ ഇരട്ടി നിരക്ക് നൽകേണ്ട
അവസ്ഥയാണെന്ന് താമസക്കാർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ ബസുകൾ ബൈപാസിലെ പ്രധാന റോഡിലാണ് നിർത്തുന്നത്.
തങ്ങളുടെ ദുരിതം സംബന്ധിച്ച് മന്ത്രിയോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിട്ടുണ്ടെന്നും, അടിയന്തരമായി പാത ഗതാഗതയോഗ്യമാക്കണമെന്നും താമസക്കാർ ആവശ്യപ്പെടുന്നു. ബൈപാസിൽ നിന്ന് 200 മീറ്റർ ദൂരത്താണ് 3, 4 സോണുകൾ സ്ഥിതി ചെയ്യുന്നത്.
ഈ ദൂരം മുഴുവൻ ചെളിയാണ്. ഇതിലൂടെ നടന്നുപോകുന്നതിനിടെ ഒരു വയോധികയ്ക്ക് വീണ് കാലിന് പരിക്കേറ്റ സംഭവം ഉണ്ടായി.
ഒരു വിദ്യാർഥിക്കും സമാനമായ അനുഭവം നേരിട്ടിട്ടുണ്ട്. നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതരുമായി പലതവണ സംസാരിച്ചെങ്കിലും പാത ഉടൻ ശരിയാക്കാമെന്ന പതിവ് മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മഴക്കാലത്തിന് മുൻപ് പാത ടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഓട
നിർമാണവും വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിനിടെ, മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതിയുടെ നിർവഹണ ഏജൻസിയായ കിഫ്കോണിലെ ഉദ്യോഗസ്ഥരെ സർക്കാർ പിൻവലിച്ചത് പദ്ധതിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
നേരത്തേ ചീഫ് ഓപ്പറേറ്റിങ് ഓഫിസറെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ്, പ്രോജക്ട് മേധാവി, കെട്ടിട വിഭാഗം പ്രോജക്ട് എൻജിനീയർ, റോഡ് വിഭാഗം പ്രോജക്ട് എൻജിനീയർ, കെട്ടിട
വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ എന്നിവരെയും മാറ്റിയത്. ഇവർക്ക് പകരക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല.
സംഭവത്തിൽ പ്രതികരണവുമായി ടി. സിദ്ദീഖ് രംഗത്തെത്തി.
വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം റവന്യു മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും, ഉദ്യോഗസ്ഥരെ തിരികെ വയനാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ടൗൺഷിപ്പിലെ ചെളി പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

