സംസ്ഥാനത്തെ വൈദ്യുതി വിതരണം, ഉൽപ്പാദനം, പ്രസരണം എന്നീ മേഖലകളിലെ തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി എന്നത് ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ഓർമ്മിപ്പിച്ച മന്ത്രി, കേരളത്തിന്റെ പവർഹൗസായ ഇടുക്കിയിലെയും എറണാകുളത്തെയും പ്രതിസന്ധികൾ പരിഹരിക്കാൻ ജനപ്രതിനിധികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് വ്യക്തമാക്കി. വൈദ്യുതി ദുരുപയോഗവും നടപടികളും
പകൽ സമയത്തും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നതുമായി ബന്ധപ്പെട്ട
പരാതികൾ യോഗത്തിൽ ഉയർന്നു. വൈദ്യുതി ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.
ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിൽ കെഎസ്ഇബി ഓഫീസുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, മഴക്കാലത്ത് മരങ്ങൾ വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകുന്ന തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജനങ്ങളെ വിശ്വാസത്തിലെടുക്കുമെന്നും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കി ചർച്ചകളിലൂടെ മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
യോഗത്തിൽ പങ്കെടുത്ത ഹൈബി ഈഡൻ എംപി, കണ്ടെയ്നർ ടെർമിനൽ റോഡിലെ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തത് മൂലമുണ്ടാകുന്ന സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി.
മൂലമ്പള്ളി, കടമക്കുടി, ചേരാനല്ലൂർ, ഏലൂർ ഭാഗങ്ങളിലെ അപകടസാധ്യത പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുത പോസ്റ്റുകളിലെ കേബിളുകളുടെ അനിയന്ത്രിതമായ ഉപയോഗം തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് കൊച്ചി മേയർ വി കെ മിനിമോൾ യോഗത്തെ അറിയിച്ചു.
സോളാർ പാനലുകൾ സ്ഥാപിച്ച ഉപഭോക്താക്കൾ നേരിടുന്ന ട്രാൻസ്ഫോർമർ കപ്പാസിറ്റി പ്രശ്നങ്ങൾ, മൂവാറ്റുപുഴ ആറിലെ വെള്ളപ്പൊക്ക നിയന്ത്രണം, കുട്ടമ്പുഴയിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കൽ തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. കെഎസ്ഇബിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും കോതമംഗലത്തെ ഭൂതത്താൻ കെട്ട് ജലവൈദ്യുത പദ്ധതിയുടെ തടസ്സങ്ങൾ നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

