എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച മയക്കുമരുന്ന് വിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി തുടരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞാറയ്ക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.
സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതിയുടെ താമസസ്ഥലത്തെ അലമാരയിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.
നാല് ഗ്രാം എംഡിഎംഎ, വലിയ കുപ്പിയിൽ സൂക്ഷിച്ച അര കിലോ ഹാഷിഷ് ഓയിൽ, കൂടാതെ രണ്ട് ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പികളിലാക്കിയ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിൽ നേരിട്ട് പോയി വാങ്ങിയതാണ് ഈ ലഹരിമരുന്നുകളെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കൊച്ചി നഗരം കേന്ദ്രീകരിച്ചും തീരദേശ മേഖലകളിലുമാണ് പ്രതി പ്രധാനമായും ലഹരി വിപണനം നടത്തിയിരുന്നത്. ഇയാളിൽ നിന്ന് സ്ഥിരമായി ലഹരിമരുന്ന് വാങ്ങുന്ന വ്യക്തികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇവർ ഇപ്പോൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.
ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ.
സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ.എസ്. അരുൺ, സച്ചിൻ എസ്.
കാർമൽ, എഎസ്ഐ സ്വപ്ന, സീനിയർ സിപിഒ എം.കെ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

