തിരുവനന്തപുരത്ത് നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിൽ ദാരുണമായ കൊലപാതകം. കഴിഞ്ഞ ദിവസം ഭർത്താവ് സുരേഷ് (46), ഭാര്യ ഹസീന ബിവിയെ (36) മക്കളുടെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.
സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുരേഷിനെ, ഇന്ന് രാവിലെ തമിഴ്നാട്ടിലെ ചിദംബരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ ദാരുണ സംഭവത്തോടെ നാല് കുട്ടികളാണ് ഒറ്റരാത്രികൊണ്ട് അനാഥരായത്. എ.സി.
മെക്കാനിക്കായിരുന്ന സുരേഷായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗം. അമൃത (കോട്ടൺഹിൽ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി), ആനന്ദ് (നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹൈസ്കൂൾ പത്താം ക്ലാസ്), റോഷൻ, അനന (കുശവർക്കൽ ഗവ. യുപി സ്കൂൾ വിദ്യാർത്ഥികൾ) എന്നിവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
നിലവിൽ ഹസീനയുടെ മാതാവിനൊപ്പമാണ് കുട്ടികൾ കഴിയുന്നത്. സംഭവദിവസം വീട്ടിൽനിന്ന് കടന്ന സുരേഷ്, ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ചാണ് ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് കടന്നത്.
യാത്രയ്ക്കിടെ ഇയാൾ മകൾ അമൃതയെ ഫോണിൽ വിളിച്ച്, “ഇനി തിരിച്ചു വരില്ലെന്നും ഇളയകുട്ടികളെ നോക്കണമെന്നും” ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കണ്ടെത്താനായില്ല.
ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, ചിദംബരത്ത് കഴുത്തറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം സുരേഷിന്റേതാണെന്ന് സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവിലെ കുടുംബവീടിന്റെ വിലാസമാണ് സിമ്മിൽ ഉണ്ടായിരുന്നത്.
മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കൊലപാതക വിവരം അറിഞ്ഞ് റോഷന്റെയും അനനയുടെയും സ്കൂളിലെ അധ്യാപികമാർ സ്ഥലത്തെത്തി കുട്ടികൾക്ക് ആശ്വാസം പകർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

