തോട്ടയ്ക്കാട് നിവാസിയായ അമൃതയുടെ വിവാഹ ചടങ്ങിന് വേറിട്ട കാഴ്ചയായി സഹോദരിമാരുടെ സംഗീത സമർപ്പണം.
തോട്ടയ്ക്കാട് അശ്വതി ഭവൻ മുരളീധരൻ പിള്ള – സുജ ദമ്പതികളുടെ മകൾ അമൃത എം.പിള്ളയും അജിത്തും തമ്മിലുള്ള വിവാഹ വേദിയിലാണ് നാഗസ്വരത്തിന്റെയും തകിലിന്റെയും അകമ്പടിയോടെ മംഗളധ്വനി മുഴങ്ങിയത്. കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ വധുവിന്റെ ബന്ധുക്കളായ നാല് പെൺകുട്ടികളാണ് അപൂർവമായ ഈ സംഗീത വിരുന്ന് ഒരുക്കിയത്.
വധുവിന്റെ അമ്മയുടെ സഹോദരങ്ങളുടെ മക്കളായ ശ്രീമാധുരി, ശ്രീനന്ദിനി, ഗോപിക എന്നിവരും സഹോദരിയുടെ മകളായ ഭാഗ്യലക്ഷ്മിയുമാണ് ഈ കലാവിരുന്നിന് നേതൃത്വം നൽകിയത്. പ്ലസ് വൺ വിദ്യാർഥിനിയായ ശ്രീമാധുരിയും ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ ഭാഗ്യലക്ഷ്മിയുമാണ് നാഗസ്വരത്തിൽ സംഗീതസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചത്.
ഇവർക്ക് പിന്തുണയേകി എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദിനിയും പത്താം ക്ലാസ് വിദ്യാർഥിനി ഗോപികയും തകിൽ കൊട്ടി താളം പിടിച്ചു. പ്രായത്തെ വെല്ലുന്ന മികവോടെയുള്ള പ്രകടനം സദസ്സിലുള്ളവരിൽ കൗതുകമുണർത്തി.
ഇതിൽ ശ്രീമാധുരി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാഗസ്വര വായനയ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കിയ പ്രതിഭ കൂടിയാണ്. കലാ ബിജുരാജ്, ഗണേശ് ബിജുരാജ് എന്നീ പ്രശസ്ത ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് ഈ നാലംഗ സംഘം സംഗീതോപകരണങ്ങൾ അഭ്യസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

