ചെങ്ങന്നൂർ മുൻസിഫ് കോടതിയിൽ വനിതാ മജിസ്ട്രേട്ടിനു നേരെ അതിക്രമം. അമല ലോറൻസിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ 9.45-നാണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം നടന്നത്. തനിക്കെതിരെ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഓഫീസിൽ തനിച്ചായിരുന്ന മജിസ്ട്രേട്ടിന്റെ ചേംബറിലേക്ക് മഴക്കോട്ട് ധരിച്ചെത്തിയ പ്രതി, ബഹളം വെച്ചുകൊണ്ട് അതിക്രമിച്ചു കയറുകയായിരുന്നു. പ്രതി വെള്ളം നിറച്ച കുപ്പിയുമായി പാഞ്ഞടുത്തതോടെ മജിസ്ട്രേട്ട് ജീവൻ രക്ഷിക്കാൻ കോടതി ഹാളിലേക്കുള്ള വാതിലിലൂടെ പുറത്തേക്ക് ഓടി.
ഈ സമയം മജിസ്ട്രേട്ടിന് വീഴ്ചയിൽ പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ ബാർ അസോസിയേഷൻ ഓഫീസിലേക്ക് ഓടിക്കയറിയാണ് മജിസ്ട്രേട്ട് രക്ഷപ്പെട്ടത്.
തടയാൻ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റ് കമൽ, ക്ലാർക്ക് ജയകുമാർ എന്നിവർക്ക് നേരെയും അക്രമം ഉണ്ടായി. കോടതിയുടെ കിഴക്കേ ഗേറ്റ് വഴി റോഡിലേക്ക് കടന്ന പ്രതിയെ, സിവിൽ സ്റ്റേഷന് മുന്നിൽ വെച്ച് കോടതി ജീവനക്കാരും ഓട്ടോ തൊഴിലാളികളും ചേർന്ന് സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
ബലപ്രയോഗത്തിനിടെ മൂന്ന് ജീവനക്കാർക്ക് പ്രതിയുടെ ചവിട്ടേറ്റു. പരുക്കേറ്റ മജിസ്ട്രേട്ടും ജീവനക്കാരും ചെങ്ങന്നൂർ ഗവ.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയും പിതാവും തമ്മിലുള്ള കേസിൽ, ഇയാൾ വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
ഇതാണ് പ്രകോപനത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. പ്രതിയുടെ മാനസികനില സംബന്ധിച്ചും പൊലീസ് പരിശോധന നടത്തിവരികയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബാർ അസോസിയേഷൻ കോടതി നടപടികൾ ബഹിഷ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

