ക്രിസ്റ്റ്ചര്‍ച്ച് വേദിയായ ആദ്യ ടി20 മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയം. ആവേശം ഒടുവിലത്തെ ഓവറിലേക്ക് നീണ്ട
മത്സരത്തില്‍, കിവീസ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യ പിന്തുടര്ന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ മലയാളി താരം സഞ്ജു സാംസണ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വെറും 33 പന്തില്‍ നിന്ന് 67 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഈ പ്രകടനത്തോടെ കളിയിലെ താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 12 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 28 പന്തില്‍ 42 റണ്‍സ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍, 15 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്ന നമൻ ധിര്‍, 24 റണ്‍സ് സംഭാവന ചെയ്ത അക്ഷര്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ന്യൂസിലന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റ്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത് (സ്കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ 225-4, ഇന്ത്യ 19.3 ഓവറില്‍ 230-6).
29 പന്തില്‍ 58 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ് ആണ് കിവീസിന്റെ ടോപ് സ്കോറര്‍. ഫിന് അലൻ (25 പന്തിൽ 45 റണ്‍സ്), ബെവോണ്‍ ജേക്കബ്സ് (16 പന്തില്‍ 31 റണ്‍സ്) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
ഇന്ത്യക്കായി മായങ്ക് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സരങ്ങളുളള പരമ്പരയിലെ രണ്ടാം മത്സരം വരുന്ന ശനിയാഴ്ച ഇതേ ഗ്രൗണ്ടില്‍ വെച്ച് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

