കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് കേടുപാടുകൾ സംഭവിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പിന്നിൽ തങ്ങളുടെ ആക്രമണമല്ലെന്നും, മറിച്ച് കുവൈറ്റിൽ സ്ഥാപിച്ചിട്ടുള്ള അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നുമാണ് ഐആർജിസി വക്താവിന്റെ വാദം.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ഉയർന്ന ആരോപണങ്ങളെ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. എന്നാൽ ഇറാന്റെ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.
അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ബെയ്റൂട്ടിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അത്തരം നടപടികൾക്ക് മുൻപിൽ ഇറാൻ നിശബ്ദനായിരിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലെബനൻ മാധ്യമമായ അൽ മായാദീന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബെയ്റൂട്ടിന് നേരെയുണ്ടാകുന്ന ഏത് ആക്രമണവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് മേഖലയിൽ പൂർണ്ണതോതിലുള്ള യുദ്ധത്തിന് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലെബനനിലെ സൈനിക ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ബോംബാക്രമണം നടത്തുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ ശക്തമായ പ്രതികരണം.
ഇസ്രായേൽ ഭീഷണി ഉയർന്ന ഉടൻ തന്നെ തങ്ങൾ കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും, തിരിച്ചടിക്കായി ഇറാന്റെ സായുധ സേനയെ സജ്ജമാക്കി നിർത്തിയിരുന്നതായും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

