തിരുവനന്തപുരം: അതിശക്തമായ ഭരണവിരുദ്ധ തരംഗത്തിൽ ചെങ്കോട്ടകളിലടക്കം കടന്നുകയറി വൻ വിജയം കൈവരിച്ച് യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 102 ഇടത്തും ആവേശോജ്ജ്വല വിജയം സ്വന്തമാക്കി യുഡിഎഫ് അധികാരം പിടിച്ചു.
എൽഡിഎഫ് കനത്ത തിരിച്ചടിയേറ്റ ക്ഷീണത്തിലാണ്. ഇതിനെല്ലാം ഇടയിൽ സംസ്ഥാന നിയമസഭയിൽ പൂട്ടിയ അക്കൗണ്ടും തുറന്നതിനൊപ്പം രണ്ട് സീറ്റുകളിൽ കൂടി വിജയം കൈവരിച്ചിരിക്കുകയാണ് എൻഡിഎ.
നേമം, കഴക്കൂട്ടം, ചാത്തന്നൂർ – മൂന്നിടത്തും വിജയിച്ചത് ബിജെപി. നിരവധി സീറ്റുകളിൽ ശക്തമായ പോരാട്ടവും കാഴ്ചവെച്ചു.
എന്നാൽ മുഖ്യസഖ്യകക്ഷിയായ ട്വൻ്റി-20ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് എൻഡിഎയുടെ തിളക്കമേറിയ വിജയത്തിൻ്റെ നിറം മായ്ക്കുന്നത്. ബിജെപിക്ക് ശക്തമായ വോട്ടുള്ള പല മണ്ഡലത്തിലും ട്വൻ്റി20 സ്ഥാനാർത്ഥികൾക്ക് 2021-ൽ കിട്ടിയ വോട്ട് പോലും നേടാനായില്ല.
ബിജെപി മത്സരിച്ചുകൊണ്ടിരുന്ന പ്രധാന മണ്ഡലങ്ങളടക്കം ഇക്കുറി ട്വന്റി-20ക്ക് വിട്ടു നൽകിയതിലൂടെ ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നാണ് വിലയിരുത്തൽ. അതിനുപുറമെ എൻഡിഎ മുന്നണി പ്രവേശനത്തോടെ ട്വന്റി-20 യുടെ അടിസ്ഥാന വോട്ടുകളിൽ വിള്ളലുണ്ടായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സാബു എം ജേക്കബ് നയിക്കുന്ന ട്വന്റി-20 പാർട്ടി വർഷങ്ങളായി പൊതുരംഗത്ത് സജീവമാണെങ്കിലും കഴിഞ്ഞ കാലങ്ങളിലെല്ലാം ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇടക്കാലത്ത് എഎപിയുമായി കൂട്ടുകൂടിയെങ്കിലും ബന്ധം നീണ്ടില്ല.
ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് അവർ എൻഡിഎ മുന്നണിയിലേക്ക് എത്തിയത്. കേരളത്തിലെ മുൻ നിര രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ച് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തെത്താൻ അവർക്ക് മുൻകാലങ്ങളിൽ സാധിച്ചിരുന്നു.
പല സീറ്റിലും ബിജെപിയേക്കാൾ വോട്ടുവിഹിതം അവർ നേടി. ഈ ജനപിന്തുണ കണ്ടാണ് ബിജെപി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്.
മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ബിജെപിയുടേത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി 97 സീറ്റുകളിലും, ബി.ഡി.ജെ.എസ് 23 സീറ്റുകളിലും, ട്വന്റി 20 പാർട്ടി 19 സീറ്റുകളിലുമാണ് മത്സരിച്ചത്.
ശക്തി കേന്ദ്രമായ എറണാകുളം ജില്ലയിൽ ഉൾപ്പെടെ മത്സരിച്ച ട്വന്റി 20 പാർട്ടിക്ക് കനത്ത തോൽവിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. സിനിമാ താരങ്ങളായ അഞ്ജലി നായർ (തൃപ്പൂണിത്തുറ), ആതിര നായർ (ഏറ്റുമാനൂർ), ജിബി പപ്പിക്കൽ (പെരുമ്പാവൂർ) തുടങ്ങിയ എല്ലാവരും പരാജയപ്പെട്ടു.
പെരുമ്പാവൂർ മണ്ഡലത്തിൽ 2021ൽ 15000 വോട്ടുകളുമായി ബിജെപി നാലാം സ്ഥാനത്തായിരുന്നു. 20536 വോട്ടുകളോടെ ട്വന്റി-20 മൂന്നാം സ്ഥാനത്തും.
ഇക്കുറി മത്സരത്തിനിറങ്ങിയ ബിജെപി-ട്വന്റി-20 സഖ്യത്തിന് പക്ഷെ 22497 വോട്ട് മാത്രമാണ് നേടാനായത്. ഏറ്റുമാനൂരും 2021ലെ തെരഞ്ഞെടുപ്പിലെ വോട്ട് നില കൈവരിക്കാൻ സാധിച്ചില്ല.
2021ൽ 13,746 വോട്ടുകൾ ബിജെപി ഒറ്റയ്ക്ക് നേടിയ ഏറ്റുമാനൂരിൽ ഇക്കുറി സഖ്യമായി മത്സരിച്ചിട്ടും എൻഡിഎ സ്ഥാനാർത്ഥിക്ക് 12975 വോട്ട് മാത്രമാണ് നേടാനായത്. തൃപ്പൂണിത്തുറയിലും സഖ്യം പരാജയപ്പെട്ടു, 21000 വോട്ട് മാത്രമേ നേടാനായുള്ളൂ.
ശക്തികേന്ദ്രമായ കുന്നത്തുനാട്ടിലും ഇക്കുറി ട്വന്റി 20-ക്ക് നേട്ടമുണ്ടായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി 20 പാര്ട്ടി 41,890 വോട്ടുകൾ നേടിയ ഇവിടെ, ഇക്കുറി സഖ്യമുണ്ടായിട്ടും 39958 വോട്ടാണ് നേടിയത്.
സഖ്യബലം കണക്കാക്കുമ്പോൾ 2021 ൽ ഇരുപാർട്ടികൾക്കും കിട്ടിയ വോട്ടിൽ 9000-ത്തോളം വോട്ടിൻ്റെ കുറവുണ്ടായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

