ഡിസംബർ 3, ഇന്ത്യയുടെ ഓർമ്മകളിൽ മരണത്തിൻ്റെ ഗന്ധമുള്ള ദിനമാണ്. നാല് പതിറ്റാണ്ട് മുൻപൊരു രാത്രിയിൽ ഭോപ്പാൽ നഗരം ഉറങ്ങിക്കിടക്കുമ്പോൾ, യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നുയർന്ന വിഷപ്പുക ആ നാടിനെയാകെ എന്നെന്നേക്കുമായി ദുരന്തത്തിലാഴ്ത്തി.
ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം വിതച്ച ആ കറുത്ത ദിനത്തിൻ്റെ ഓർമ്മകൾ ഇന്നും മാഞ്ഞിട്ടില്ല. അന്ന് പൊലിഞ്ഞ ആയിരക്കണക്കിന് ജീവനുകളും തലമുറകളായി ദുരിതം പേറുന്നവരും ഒരേയൊരു ചോദ്യം ആവർത്തിക്കുന്നു: മനുഷ്യൻ്റെ കുറ്റകരമായ അനാസ്ഥയ്ക്ക് നൽകേണ്ടി വന്ന വില ഇത്ര ഭീമമായിരുന്നോ? ചരിത്രത്തിലെ ആ കറുത്ത രാത്രി 1984 ഡിസംബർ 2-ന് അർദ്ധരാത്രി പിന്നിട്ട
സമയത്ത് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് പ്ലാൻ്റിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് (എം.ഐ.സി) എന്ന വിഷവാതകം ചോർന്നു. നിമിഷങ്ങൾക്കകം 2,500-ൽ അധികം പേർ മരിച്ചുവീണു.
അരലക്ഷത്തിലധികം ആളുകളെ ദുരന്തം നേരിട്ട് ബാധിച്ചു. ഇന്ത്യൻ ചരിത്രത്തിലെ മായാത്ത മുറിപ്പാടായി ആ രാത്രി ഇന്നും നിലനിൽക്കുന്നു.
വിഷവാതകം നഗരത്തെ മൂടിയപ്പോൾ, ഫാക്ടറിക്ക് സമീപം താമസിച്ചിരുന്ന സാധാരണക്കാരാണ് അതിൻ്റെ ഭീകരത ആദ്യം അനുഭവിച്ചത്. ശ്വാസംമുട്ടിയും ചുമച്ചും ആളുകൾ ജീവനുവേണ്ടി പിടഞ്ഞു.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ നഗരഭിത്തികളിൽ പതിപ്പിക്കേണ്ട ദയനീയ സാഹചര്യമുണ്ടായി.
കീടനാശിനി നിർമ്മാണത്തിനുപയോഗിക്കുന്ന അതീവമാരകമായ ഈ വാതകച്ചോർച്ച പൂർണ്ണമായും ഒഴിവാക്കാവുന്ന ഒന്നായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണങ്ങൾ തെളിയിച്ചു. ഇത് ഒരു അപകടമായിരുന്നില്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചകളുടെ പരിണതഫലമായിരുന്നു.
ദുരന്തത്തിലേക്ക് നയിച്ച വീഴ്ച രാത്രി ഷിഫ്റ്റ് മാറുന്നതിന് തൊട്ടുമുൻപാണ് ദുരന്തത്തിൻ്റെ തുടക്കം. പ്ലാന്റിലെ പൈപ്പുകൾ വൃത്തിയാക്കുന്നതിനിടെ, വെള്ളം ടാങ്കിലേക്ക് കടക്കുന്നത് തടയാനുള്ള ‘സ്ലിപ്പ് ബ്ലൈൻഡ്’ എന്ന സുരക്ഷാ ഉപകരണം സ്ഥാപിച്ചിരുന്നില്ല.
ഇതേത്തുടർന്ന് വെള്ളം, മീഥൈൽ ഐസോസയനേറ്റ് വാതകം സൂക്ഷിച്ചിരുന്ന 610-ാം നമ്പർ ടാങ്കിലേക്ക് പ്രവേശിച്ചു. 60 ടൺ ശേഷിയുള്ള ടാങ്കിൽ അനുവദനീയമായതിലും അധികം, അതായത് 40 ടണ്ണിലധികം എം.ഐ.സി വാതകം സംഭരിച്ചിരുന്നു.
വെള്ളവുമായി കലർന്നതോടെ ടാങ്കിലെ താപനില അതിവേഗം ഉയരുകയും രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടായ കനത്ത മർദ്ദം താങ്ങാനാവാതെ വിഷവാതകം പുറത്തേക്ക് ചീറ്റുകയുമായിരുന്നു. പരാജയപ്പെട്ട
അഞ്ച് സുരക്ഷാ സംവിധാനങ്ങൾ വിഷവാതകം പുറത്തുവരുന്നത് തടയാൻ സ്ഥാപിച്ചിരുന്ന അഞ്ച് സുരക്ഷാ സംവിധാനങ്ങളും ദുരന്തസമയത്ത് പ്രവർത്തനരഹിതമായിരുന്നു: വെൻ്റ് ഗ്യാസ് സ്ക്രബ്ബർ: ചോരുന്ന വാതകത്തെ നിർവീര്യമാക്കേണ്ട ഈ സംവിധാനം അറ്റകുറ്റപ്പണികൾക്കായി ഓഫ് ചെയ്തിരിക്കുകയായിരുന്നു.
പ്രവർത്തിപ്പിച്ചപ്പോൾത്തന്നെ ആവശ്യമായ രാസലായനി ഇതിൽ ഉണ്ടായിരുന്നില്ല. ഫ്ലെയർ ടവർ: വിഷവാതകം കത്തിച്ചുകളയേണ്ട
ഫ്ലെയർ ടവറിലേക്കുള്ള പൈപ്പ് ലൈൻ തകരാറിലായതിനാൽ ഇതും ഉപയോഗശൂന്യമായിരുന്നു. ശീതീകരണ സംവിധാനം: ടാങ്കിലെ താപനില കുറയ്ക്കുന്നതിനുള്ള റെഫ്രിജറേഷൻ യൂണിറ്റ് പ്രവർത്തനരഹിതമാക്കിയിരുന്നു.
ഇതിലെ ശീതീകരണ വാതകം ഊരിമാറ്റിയ നിലയിലായിരുന്നു. രാസപ്രവർത്തനത്തിന്റെ വേഗത നിയന്ത്രിക്കാൻ ഈ സംവിധാനം അനിവാര്യമായിരുന്നു.
വാട്ടർ കർട്ടൻ: വിഷവാതകം പുറന്തള്ളപ്പെട്ടത് 33 മീറ്റർ ഉയരത്തിൽ നിന്നായിരുന്നു. താഴെ സ്ഥാപിച്ചിരുന്ന വാട്ടർ കർട്ടനുകൾക്ക് ഈ ഉയരത്തിലേക്ക് വെള്ളമെത്തിക്കാൻ ശേഷിയുണ്ടായിരുന്നില്ല.
സ്പെയർ ടാങ്ക്: അടിയന്തര സാഹചര്യങ്ങളിൽ വാതകം മാറ്റുന്നതിനായി ഒരു ടാങ്ക് എപ്പോഴും ശൂന്യമാക്കി വെക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടു. അപായ സൈറണിലെ അനാസ്ഥ രാത്രി ഒരു മണിയോടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സൈറൺ മുഴങ്ങിയെങ്കിലും മിനിറ്റുകൾക്കകം അത് നിർത്തി.
ചെറിയ ചോർച്ചയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ നടപടി. വാതകച്ചോർച്ചയുടെ വ്യാപ്തി വ്യക്തമായിട്ടും ഒരു മണിക്കൂറോളം സൈറൺ മുഴക്കിയില്ല.
ഒടുവിൽ പുലർച്ചെ 2 മണിയോടെ വീണ്ടും സൈറൺ മുഴങ്ങുമ്പോഴേക്കും ഭോപ്പാൽ നഗരം ഒരു മരണക്കെണിയായി മാറിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളോടുള്ള കുറ്റകരമായ അവഗണനയും നിയമലംഘനങ്ങളുമാണ് ഭോപ്പാലിനെ ഒരു ദുരന്തഭൂമിയാക്കി മാറ്റിയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങൾ സ്ഥിരീകരിച്ചു.
സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ഉന്നതതല സന്ദർശനങ്ങൾ നടക്കുകയും ചെയ്തെങ്കിലും, ആ ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്നും ഭോപ്പാലും അവിടുത്തെ ജനതയും ഇന്നും പൂർണ്ണമായി മോചിതരായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

