എസ് ഐ ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിരുപാധികം മാപ്പ് രേഖപ്പെടുത്തി നടൻ ഇമ്രാൻ ഖാൻ.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നടൻ തന്റെ ഖേദം പ്രകടിപ്പിച്ചത്. ഒ സി ഐ കാർഡുള്ള ഇമ്രാൻ ഖാന് ഇന്ത്യയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുവാൻ നിയമപരമായി അവകാശമില്ലെന്ന് കോടതി ശക്തമായ വിമർശനം ഉന്നയിക്കുകയുണ്ടായി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി ജെ പി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് എഫ് ആർ ആർ ഒ നൽകിയ നോട്ടിസിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്തുനിന്നും ഈ നിരീക്ഷണങ്ങളുണ്ടായത്. ഒ സി ഐ കാർഡുള്ള വ്യക്തികളെയും സാധാരണ ഇന്ത്യൻ പൗരന്മാരെയും ഒരു വിഭാഗമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
യു എസിൽ ജനിച്ചതുകൊണ്ടു മാത്രമാണ് തനിക്ക് അവിടുത്തെ പൗരത്വമുള്ളതെന്നും, തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും ഇമ്രാൻ ഖാൻ കോടതിയെ അറിയിച്ചു. എന്നാൽ, ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ അവരെ ഉടൻതന്നെ ഇന്ത്യയിലേക്ക് നാടുകടത്താറില്ലേ എന്ന് കോടതി തിരിച്ചുചോദിച്ചു.
നടൻ മാപ്പ് അപേക്ഷിച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വാദങ്ങൾ കേൾക്കുന്നതിനായി കോടതി കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
അതുവരെ ഇമ്രാൻ ഖാൻ രാജ്യം വിടേണ്ടതില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 10 ന് മുംബൈയിൽ വെച്ച് നടന്ന സി ജെ പി പ്രതിഷേധത്തിലാണ് നടൻ സന്നിഹിതനായത്.
സമരത്തിനിടെ പൊലീസിന്റെ കസ്റ്റഡിയിലായ അദ്ദേഹത്തെ പിന്നീട് വിട്ടയച്ചിരുന്നു. തുടർന്ന് ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഈ നടപടിക്കെതിരെയാണ് നടൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത ശനിയാഴ്ച നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമായിരിക്കും ഹർജിയിലെ അന്തിമ തീരുമാനം പുറത്തുവരിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

