ബിജ്നോർ (യുപി): വിവാഹ സത്കാരത്തിനിടെ ചിക്കൻ ഫ്രൈ വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.
വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
തുടർന്ന് പോലീസ് കാവലിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ ചിക്കൻ ഫ്രൈയെ ചൊല്ലി തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ അവസാനിച്ചത്.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തർക്കം കൈയ്യാങ്കളിയായി മാറിയെന്നും തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടിയെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഘർഷത്തിനിടെ ഹൃദ്രോഗിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. “ഞങ്ങളൊരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ്.
ചിക്കൻ ഫ്രൈയുടെ കൗണ്ടറിന് മുന്നിൽ വലിയ തിരക്കായിരുന്നു. അതിഥികൾക്കിടയിൽ ഭക്ഷണം എടുക്കുന്നതിനെ ചൊല്ലി തുടങ്ങിയ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു.
ആൾക്കൂട്ടത്തിനിടയിൽ സ്ത്രീകളും കുട്ടികളും പെട്ടുപോയി. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിൻ്റെ നില ഗുരുതരമാണ്,” ഒരു ദൃക്സാക്ഷി പ്രതികരിച്ചു.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ പരസ്പരം ആക്രമിക്കുന്നതും ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
ചിലർ കൈകൾ കൊണ്ട് ഇടിക്കുകയും അലറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിഥികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയാണ് കൂട്ടത്തല്ല് നിയന്ത്രിച്ചത്.
കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ വിവാഹച്ചടങ്ങുകൾ കഴിയുന്നതുവരെ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

