ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് കാർ വിപണിയിൽ വലിയ ചുവടുവെപ്പുകളുമായി രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ് പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ പ്രീമിയം ബ്രാൻഡായ ഡെൻസ. നിലവിലുള്ള ബിവൈഡി മോഡലുകൾക്ക് മുകളിലുള്ള പ്രീമിയം ശ്രേണിയിലാണ് ഡെൻസ ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറുന്നത്.
നടപ്പുവർഷാവസാനത്തോടെ പുതിയ വാഹനങ്ങൾ രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഇസഡ്9 ജിടി പെർഫോമൻസ് ഫാസ്റ്റ്ബാക്ക്, ഡി9 ആഡംബര എംപിവി എന്നീ രണ്ട് മുൻനിര മോഡലുകളായിരിക്കും കമ്പനി വിപണിയിൽ എത്തിക്കുക.
ഏകദേശം 80 ലക്ഷം രൂപ മുതലായിരിക്കും ഈ വാഹനങ്ങളുടെ പ്രാരംഭ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിശക്തമായ പെർഫോമൻസ് കാറ്റഗറിയിലാണ് ഇസഡ്9 ജിടി വിപണിയിലെത്തുന്നത്.
ഏകദേശം 5.2 മീറ്റർ നീളമുള്ള ഈ വാഹനത്തിൽ നാല് വാതിലുകളും അഞ്ച് സീറ്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളിൽ ലഭ്യമാണെങ്കിലും, ഇന്ത്യയിലേക്ക് പൂർണമായും ഇലക്ട്രിക് രൂപം മാത്രമായിരിക്കും എത്തുക.
വാഹനത്തിൽ നൽകിയിരിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ പരമാവധി 1,140 എച്ച്.പി കരുത്തും 1,210 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ആഗോള മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 2.7 സെക്കൻഡ് മാത്രം മതിയാകും.
മണിക്കൂറിൽ 270 കിലോമീറ്ററാണ് ഇലക്ട്രോണിക് നിയന്ത്രിത പരമാവധി വേഗത. 122.5 കിലോവാട്ട്-അവർ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ഇസഡ്9 ജിടിക്ക് ഡബ്ല്യു.എൽ.ടി.പി മാനദണ്ഡപ്രകാരം ഏകദേശം 600 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡെൻസയുടെ 1,500 കിലോവാട്ട് ഫ്ലാഷ് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും വാഹനത്തിന്റെ പ്രത്യേകതയാണ്. അനുയോജ്യമായ ചാർജിങ് സംവിധാനത്തിൽ വെറും 9 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 97 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.
റിയർ വീൽ സ്റ്റിയറിങ്, ക്രാബ്-ക്രാൾ ഫീച്ചർ, സെൽ-ടു-ബോഡി നിർമാണ രീതി, ലെവൽ 2 പ്ലസ് എ.ഡി.എ.എസ് സംവിധാനം എന്നിവയും വാഹനത്തിലുണ്ട്. അകത്തളത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം പിൻവശത്തെ ക്യാമറ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീൻ ഉൾപ്പെടെ അഞ്ച് ഡിസ്പ്ലേകൾ വരെ ഇടംപിടിച്ചിരിക്കുന്നു.
മുൻ സീറ്റുകളിൽ ഹീറ്റിങ്, വെന്റിലേഷൻ, മസാജ് ഫീച്ചറുകൾ ലഭിക്കുമ്പോൾ, പിൻസീറ്റുകളിൽ റീക്ലൈൻ സൗകര്യവും തുടകൾക്ക് താഴെയുള്ള പിന്തുണയും ക്രമീകരിക്കാം. ഇന്ത്യയിൽ ഈ മോഡലിന് ഏകദേശം 1.2 കോടി രൂപ മുതൽ 1.5 കോടി രൂപ വരെ വില പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
പോർഷെ ടെയ്കാൻ, പനാമെറ തുടങ്ങിയ വമ്പൻമാരോടായിരിക്കും ഇതിന്റെ പ്രധാന മത്സരം. ടൊയോട്ട
വെൽഫയറിനെ മുഖ്യ എതിരാളിയായി കണ്ടാണ് ഡെൻസ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഡി9 ആഡംബര എംപിവി ഇന്ത്യയിലെത്തിക്കുന്നത്. ദീർഘദൂര ആഡംബര യാത്രകൾക്കും ഡ്രൈവർ നിയന്ത്രിത ഉപയോഗത്തിനും മുൻഗണന നൽകിയാണ് ഇതിന്റെ നിർമ്മാണം.
ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിൽ എത്തുന്ന ഇലക്ട്രിക് പതിപ്പിൽ 103 കിലോവാട്ട്-അവർ ബ്ലേഡ് ബാറ്ററിയും 313 എച്ച്.പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമാണ് നൽകിയിട്ടുള്ളത്. 360 എൻ.എം ടോർക്കും 520 കിലോമീറ്റർ ഡബ്ല്യു.എൽ.ടി.പി റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നു.
200 കിലോവാട്ട് വരെ ഡി.സി ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്. 2+2+3 സീറ്റിങ് ഘടനയാണ് ഡി9ൽ ഒരുക്കിയിരിക്കുന്നത്.
രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളിൽ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഹീറ്റിങ്, വെന്റിലേഷൻ, മസാജ് സംവിധാനങ്ങൾ എന്നിവയോടൊപ്പം ലെഗ് റെസ്റ്റുകളും ലഭ്യമാക്കിയിരിക്കുന്നു. പനോരമിക് സൺറൂഫ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഡൈനാഡിയോ സൗണ്ട് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
ഇന്ത്യയിൽ ഏകദേശം 80 ലക്ഷം രൂപ പ്രാരംഭ വില പ്രതീക്ഷിക്കുന്ന ഡി9, എം.ജി എം9നും ടൊയോട്ട വെൽഫയറിനും ഇടയിലുള്ള പ്രീമിയം സെഗ്മെന്റിൽ ഇടംപിടിക്കും.
പ്രാരംഭ ഘട്ടത്തിൽ ഈ രണ്ട് മോഡലുകളും പൂർണമായി നിർമിച്ച യൂണിറ്റുകളായി (CBU) ആയിരിക്കും ഇന്ത്യയിൽ എത്തിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

