തിരുവനന്തപുരം ജില്ലയിലെ കരകുളം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ആശുപത്രിയിൽ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീ ആദ്യം പടർന്നത്. തുടർന്ന് വളരെ പെട്ടെന്ന് തന്നെ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കനത്ത പുക വ്യാപിക്കുകയായിരുന്നു.
രാവിലെ പത്തരയോടെ പുകയും തീയും ഉയരുന്നത് കണ്ട ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
ഈ സമയം തന്നെ ആശുപത്രിയിലുണ്ടായിരുന്ന മുഴുവൻ രോഗികളെയും സുരക്ഷിതമായ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. വിവരം ലഭിച്ചയുടനെ തിരുവനന്തപുരം, നെടുമങ്ങാട് ഫയർ സ്റ്റേഷനുകളിൽ നിന്നായി ആകെ നാല് യൂണിറ്റ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരത്തുനിന്ന് മൂന്ന് യൂണിറ്റും നെടുമങ്ങാട്ടുനിന്ന് ഒരു യൂണിറ്റുമാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. കെട്ടിടത്തിന് ഉള്ളിൽ നിന്നും പുക പുറത്തേക്ക് പോകാത്തത് രക്ഷാപ്രവർത്തനത്തെ ഏറെ പ്രയാസത്തിലാക്കി.
തുടർന്ന് കെട്ടിടത്തിനുള്ളിൽ പുക പൂർണ്ണമായി കെട്ടിക്കിടന്ന സാഹചര്യത്തിൽ, മേൽക്കൂര (റൂഫ്) പൊളിച്ച് വെന്റിലേഷൻ സംവിധാനം ഒരുക്കിയ ശേഷമാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. തുടർന്ന് പ്രത്യേക ഓക്സിജൻ സെറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് അകത്തുകടന്ന സേനാംഗങ്ങൾ നടത്തിയ കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്.
ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. അപകടത്തിൽ സംഭവിച്ച ആകെ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നതേയുള്ളൂവെന്നും, ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നും ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

