ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കണക്കുകളിൽ യുഎഇയുടെ ചരിത്രപരമായ മുന്നേറ്റം. മറ്റ് രാഷ്ട്രങ്ങളെ പിന്നിലാക്കിയാണ് വ്യാപാര മേഖലയിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ജൂൺ മാസത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ സ്വർണ ഇറക്കുമതി 160 കോടി ഡോളറിൽ നിന്ന് 17.7 ശതമാനം ഇടിഞ്ഞ് 132 കോടി ഡോളറായി കുറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി, യുഎഇയിൽ നിന്നുള്ള ഇറക്കുമതി 23.6 കോടി ഡോളറിൽ നിന്ന് 175.2 ശതമാനം വർധിച്ച് 64.94 കോടി ഡോളർ ആയി ഉയരുകയുണ്ടായി.
ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ജൂൺ മാസത്തിലെ മൊത്തത്തിലുള്ള സ്വർണ ഇറക്കുമതി വളർച്ചയ്ക്ക് പ്രധാന കാരണം യുഎഇ മാത്രമാണെന്നാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ 28.4 കോടി ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ, യുഎഇയിൽ നിന്നുള്ള വരവ് 41.35 കോടി ഡോളർ ആണ് വർധിച്ചത്.
യഥാർത്ഥത്തിൽ യുഎഇ ഒരു സ്വർണ ഉൽപാദക രാജ്യമല്ല എന്നിരിക്കെയാണ് ഈ അഭൂതപൂർവ്വമായ നേട്ടം. ജൂണിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയുടെ ആകെ സ്വർണ ഇറക്കുമതിയുടെ 33 ശതമാനവും യുഎഇയിൽ നിന്നാണ് എത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് വെറും 12.8 ശതമാനം മാത്രമായിരുന്നു. നടപ്പുവർഷത്തിലെ ആദ്യ പാടമായ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യ ആകെ 1101 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്.
മുൻവർഷം ഇത് 749 കോടി ഡോളർ മാത്രമായിരുന്നു, അതായത് 47.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതി മാത്രം 140 കോടി ഡോളറിൽ നിന്ന് 125 ശതമാനം വർധിച്ച് 314 കോടി ഡോളറിലെത്തി നിൽക്കുന്നു.
എന്തുകൊണ്ട് യുഎഇയുടെ ഈ കുതിപ്പ്? ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിലവിൽ 15 ശതമാനമാണ് തീരുവ ഈടാക്കുന്നത്. എന്നാൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇതിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്.
ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ 1 ശതമാനം ഇളവോടെ സ്വർണം ഇറക്കുമതി ചെയ്യുവാൻ സാധിക്കും. സ്വർണം നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന രാജ്യമല്ലാതിരുന്നിട്ടും ഇത്തരത്തിലുള്ള വ്യാപാര അനുകൂല സാഹചര്യങ്ങളാണ് യുഎഇയിൽ നിന്ന് വൻതോതിൽ സ്വർണം ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ കാരണം.
സ്വർണ ഇറക്കുമതിയിൽ ഉണ്ടാകുന്ന ഈ അപ്രതീക്ഷിത വർധനവ് കേന്ദ്രസർക്കാരിന് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ വിദേശനാണയ ശേഖരം, രൂപയുടെ വിനിമയ മൂല്യം, പണപ്പെരുപ്പം എന്നിവയെല്ലാം ഈ സാഹചര്യം സാരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ മെയ് മാസത്തിലാണ് സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി സർക്കാർ ഉയർത്തിയത്. അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
നിലവിലെ വിപണി സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ സ്വർണ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രം തയ്യാറാകാൻ സാധ്യതയില്ല. എന്നാൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതിക്ക് നൽകിവരുന്ന ഇളവുകൾ സംബന്ധിച്ച് സർക്കാർ പുനഃപരിശോധന നടത്തിയേക്കാമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവ്സ് (ജിടിആർഐ) വ്യക്തമാക്കുന്നു.
എങ്കിലും ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുഎഇയിലും സ്വർണവില ഉയരുന്നു അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് യുഎഇയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് 24 കാരറ്റ് സ്വർണത്തിന് വില 528.25 ദിർഹത്തിൽ നിന്ന് 532 ദിർഹമായി ഉയർന്നു. കൂടാതെ 22 കാരറ്റ് സ്വർണവില 489.25 ദിർഹത്തിൽ നിന്ന് 492.50 ദിർഹമായും എത്തിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

