സംസ്ഥാനത്തെ തീവണ്ടികളിലെ ജനറൽ കംപാർട്മെന്റുകളിൽ കൂട്ടത്തോടെ സീറ്റുകൾ പിടിച്ചുവെച്ച് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രവണതയ്ക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) രംഗത്ത്. യാത്രാവേളകളിൽ ബാഗുകൾ, തൂവാലകൾ, കുടകൾ എന്നിവ ഉപയോഗിച്ച് സീറ്റുകൾ കയ്യടക്കി വെക്കുന്നതായി സ്ഥിരം യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഈ നിയമവിരുദ്ധ രീതി തുടർന്നാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് രാവിലെ 7.23-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുമ്പോൾ, കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കായി വലിയ തോതിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന രീതിയിൽ പിടിച്ചുവെക്കുന്നത് പതിവാണ്.
ഇത് മറ്റ് യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വണ്ടികളിൽ ജനങ്ങൾ തിങ്ങിഞെരുങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കയ്യേറ്റങ്ങൾ നടക്കുന്നത്.
സീറ്റുകളിൽ വെച്ചിരിക്കുന്ന വസ്തുക്കൾ മാറ്റി അവിടെ ഇരിക്കാൻ ശ്രമിക്കുന്ന യാത്രക്കാരോട് സീറ്റ് പിടിച്ചവർ കയർത്തു സംസാരിക്കുന്നതും പതിവ് സംഭവമായി മാറിയിരിക്കുന്നു. വൈകുന്നേരം അഞ്ചിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്, രാവിലെ 7.37-ന് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കുന്ന കണ്ണൂർ എക്സ്പ്രസ്, വൈകുന്നേരം ആറിന് കണ്ണൂരിൽ നിന്നും യാത്ര തിരിക്കുന്ന യശ്വന്ത്പുര എക്സ്പ്രസ് എന്നിവടങ്ങളിലും സമാനമായ രീതിയിൽ വ്യാപകമായി സീറ്റ് പിടിത്തം നടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ ഭാഗത്തുനിന്ന് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് വിഷയത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ ആർപിഎഫ് തീരുമാനിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

